താനൂർ: മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിലുണ്ടായ ബോട്ട് ദുരന്തം ഉദ്യോഗസ്ഥവീഴ്ചയുടെ നേർക്കാഴ്ച. ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വേണ്ട മിനിമം പരിശോധനകൾ പോലും ഇവിടെയുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽപെട്ട അറ്റ്‌ലാന്റിക് ബോട്ട് ഒരിക്കലും ഡബിൾ ഡെക്കർ ബോട്ടിന് അനുയോജ്യമായ ആകൃതിയായിരുന്നില്ല. ഇത് നേരത്തെ തന്നെ ഇവിടുത്തെ മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിച്ചിട്ടുളളതാണെന്നും എന്നിട്ടും ആരും നടപടിയെടുത്തില്ലെന്നും നാട്ടുകാർ പറയുന്നു.
ആറ് മണിക്കുളളിൽ ബോട്ടിംഗ് ഇവിടെ അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ അപകടമുണ്ടായ ട്രിപ്പ് പുറപ്പെട്ടത് തന്നെ ആറരയ്ക്ക് ശേഷമാണ്. അവസാന ട്രിപ്പാണെന്ന് പറഞ്ഞ് കരയ്ക്ക് നിന്നിരുന്നവരെ വീണ്ടും വീണ്ടും വിളിച്ചു കയറ്റി കൊണ്ടുപോകുകയായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ ബോട്ടിന് മതിയായ സുരക്ഷയില്ലെന്ന് ബോധ്യമാകുമായിരുന്നുവെന്ന് സംഭവസമയത്ത് ഇവിടെയുണ്ടായിരുന്നവർ പറയുന്നു. സുരക്ഷാ ആശങ്ക തോന്നിയതിനാൽ അപകടമുണ്ടായ ട്രിപ്പിൽ നിന്ന് അവസാന സമയം പിൻമാറിയവരും ഉണ്ട്.
ഏഴ് മണിയോടെയാണ് അപകടം നടന്നത്. ബോട്ട് പുറപ്പെട്ടപ്പോൾ തന്നെ അടിഭാഗം എന്തിലോ തട്ടിയതിന്റെ ശബ്ദം കേട്ടിരുന്നു. യാത്ര പുറപ്പെട്ട് 400 മീറ്ററോളം പിന്നിടുമ്പോഴാണ് അപകടം. കുറച്ചുപേർ ബോട്ടിന്റെ മുകൾത്തട്ടിൽ നിന്നിരുന്നു. താഴത്തെ നിലയിൽ വെളളം കയറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് ബോട്ടിൽ യാത്ര ചെയ്ത രക്ഷപെട്ടവരുടെ മൊഴി. വെളളം കയറിയതുകണ്ട് ആളുകൾ പെട്ടന്ന് ഒരു ഭാഗത്തേക്ക് വന്നതോടെ ബോട്ട് മറിയുകയായിരുന്നു. മൂന്നാൾ താഴ്ചയുളള ഭാഗത്താണ് ബോട്ട് മറിഞ്ഞത്. പൂർണമായി വെളളത്തിന് അടിയിലേക്ക് പോകുകയും ചെയ്തിരുന്നു.
ഏപ്രിൽ പകുതിയോടെയാണ് ഇവിടെ ബോട്ട് സർവ്വീസ് ആരംഭിച്ചത്. അപകടത്തിൽപെട്ട ബോട്ടിന് വിനോദസഞ്ചാരത്തിന് പറ്റുന്ന രീതിയിലുളള നിർമാണമല്ലെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഭാരം ബാലൻസ് ചെയ്യാനായി അത്തരം ബോട്ടുകളുടെ അടിഭാഗം പരന്ന രീതിയിലാണ് നിർമിക്കുക. എന്നാൽ ഇത് മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സീറ്റുകളിട്ട് ക്രമീകരിക്കുകയായിരുന്നു. അതിന്റെ അടിഭാഗം കോൺ രീതിയിലാണ് ഉണ്ടാകുക. പലപ്പോഴും നിറയെ ആളുകളെയും കൊണ്ട് പോകുമ്പോൾ ബോട്ട് ചരിഞ്ഞുപോകുന്നത് ശ്രദ്ധയിൽപെടുകയും ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു.
എന്നാൽ ഇത്രയും നഗ്നമായ നിയമലംഘനം നടന്നിട്ടും ചുമതലപ്പെട്ട ഒരു ഉദ്യോഗസ്ഥനും ഇതുവരെ ഇവിടെ പരിശോധനയ്‌ക്കോ മറ്റ് കാര്യങ്ങൾക്കോ എത്തിയിട്ടില്ലെന്നതാണ് ഏറെ കൗതുകകരം. ലൈഫ് ജാക്കറ്റുകൾ ബോട്ടിൽ ഉണ്ടായിരുന്നു പക്ഷെ ജീവനക്കാർ അതിടാൻ നിർദ്ദേശം നൽകിയിട്ടില്ല. മരിച്ചവരുടെ ആരുടെയും ശരീരത്തിൽ ലൈഫ് ജാക്കറ്റുകൾ ഉണ്ടായിരുന്നില്ല. ലൈഫ് ജാക്കറ്റുകളെങ്കിലും ഉപയോഗിച്ചിരുന്നെങ്കിൽ ഇത്ര വലിയ ദുരന്തമായി മാറില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
Discussion about this post