എറണാകുളം: സിനിമാ ലൊക്കേഷനിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടൻ ടിനി ടോം നടത്തിയ പരാമർശത്തോട് പ്രതികരിച്ച് സംവിധായകൻ എം.എ നിഷാദ്. ലഹരി ഉപയോഗിച്ച് പല്ലുകൾ പൊടിഞ്ഞു പോയ നടന്റെ പേര് അറിയാമെന്നാണല്ലോ ടിനി ടോം പറയുന്നത്. ആ നടന്റെ പേര് പൊതുസമൂഹത്തിന് മുൻപിൽ വെളിപ്പെടുത്തണമെന്ന് നിഷാദ് ആവശ്യപ്പെട്ടു.
ടിനി ടോം നടത്തിയ പരാമർശം വലിയ ചർച്ചാ വിഷയം തന്നെയാണ്. പറഞ്ഞത് ശരിയാണെന്ന് നടന് ബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ സമൂഹത്തോട് പ്രതിബദ്ധത കാണിക്കണം. ലഹരി ഉപയോഗിക്കുന്നവരുടെ പേരുകളും തെളിവുകളും പുറത്തുവിടണം. അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെങ്കിലും നൽകണം. വെറും അമ്മായി കളി കളിക്കരുത് എന്നും നിഷാദ് പറഞ്ഞു.
ടിനി ടോം സഹകരിക്കണം. അദ്ദേഹത്തിന് ലഭിച്ച തെളിവുകൾ എക്‌സൈസിന് കൈമാറണം. ലഹരി ഉപയോഗിക്കുന്ന നടൻമാരുടെ വിവരങ്ങൾ ഉണ്ടെങ്കിൽ അമ്മ സംഘടനയും അത് എക്‌സൈസിന് കൈമാറുക. അല്ലാതെ ചാനലുകളിൽ ഓരോന്ന് വിളിച്ച് പറഞ്ഞ് എല്ലാവരെയും മഴയത്ത് നിർത്തുന്നത് ശരിയല്ല. കാര്യങ്ങൾ തുറന്നുപറയാനുള്ള മനക്കരുത്ത് കാണിക്കണമെന്നും നിഷാദ് പറഞ്ഞു.
കഴിഞ്ഞ ദിവസം കേരള സർവ്വകലാശാല യുവജനോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുമ്പോഴായിരുന്നു സിനിമാ ലൊക്കേഷനിലെ ലഹരി ഉപയോഗം സംബന്ധിച്ച ടിനി ടോമിന്റെ വെളിപ്പെടുത്തൽ. തന്റെ മകന് പ്രമുഖ നടന്റെ മകനായി അഭിനയിക്കാൻ അവസരം ലഭിച്ചെന്നും, എന്നാൽ ലൊക്കേഷനിലെ ലഹരി ഉപയോഗം ഭയന്ന് ഭാര്യ വിട്ടില്ലെന്നുമായിരുന്നു പരാമർശം. ഇതിനെതിരെ ധ്യാൻ ശ്രീനിവാസൻ നേരത്തെ രംഗത്ത് വന്നിരുന്നു.
Discussion about this post