കൊച്ചി: 2018 ലെ പ്രളയം പ്രമേയമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന സിനിമയെ വിമർശിച്ച് ദേശാഭിമാനി. പ്രളയത്തിന്റെ പേരിൽ പിണറായി സർക്കാരിന്റെ നേട്ടങ്ങളും ഇടപെടലും സിനിമയിൽ നിന്ന് മനപ്പൂർവ്വം മാറ്റിവെച്ചുവെന്നാണ് ദേശാഭിമാനിയുടെ ആരോപണം. ‘തിയറ്ററിൽ കാണേണ്ട സിനിമ അദൃശ്യവൽക്കരണ രാഷ്ട്രീയത്തിൽ നഷ്ടമാകുന്ന പൂർണത’ എന്ന തലക്കെട്ടിൽ കെ.എ നിധിൻ നാഥ് എഴുതി ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച സിനിമയെക്കുറിച്ചുളള ലേഖനത്തിലാണ് ആക്ഷേപങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
സിനിമ കണ്ടാൽ തോന്നുക, പ്രളയത്തെ നാട് സ്വയം അതിജീവിച്ചതാണെന്നാണ്. നമ്മൾ ഒരുമിച്ച് ഇറങ്ങുവല്ലേ എന്ന് ചോദിച്ച് പ്രതിപക്ഷ നേതാവിനെയടക്കം ഒപ്പം കൂട്ടി ഇറങ്ങിയ ഒരു മുഖ്യമന്ത്രിയുണ്ട്. പേര് പിണറായി വിജയൻ, സിപിഎമ്മിന്റെ പിബി അംഗം. ഇതിന്റെ ഭാഗമായാണ് പ്രളയ അതിജീവനവും പ്രളയാനന്തര പുനർനർമാണവുമെല്ലാം സാധ്യമാക്കിയതെന്ന് ലേഖനത്തിൽ പറയുന്നു.
ഡാം തുറന്ന് വിട്ടത് കൊണ്ടാണ് പ്രളയമുണ്ടായത് എന്ന അജൻഡ നിർമിതമായ വാട്സാപ്പ് ഫോർവേഡ് തന്റെ നിലപാടായി പ്രഖ്യാപിച്ചയാളാണ് സംവിധായകൻ ജൂഡ് എന്ന് ലേഖനത്തിൽ ആരോപിക്കുന്നു. എം.എം മണി മന്ത്രിയായപ്പോൾ വെറുതെ സ്കൂളിൽ പോയി എന്ന് അധിക്ഷേപിച്ച ആളുമാണ്. ഈ രണ്ട് നിലപാടുകൾ മതി ജൂഡിന്റെ രാഷ്ട്രീയം തിരിച്ചറിയാനെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. വളച്ചൊടിക്കലും വ്യാജ പ്രചരണവും പോലെ തന്നെ അപകടമാണ് അദൃശ്യവൽക്കരണവും തിരസ്കരണവുമെന്ന് ലേഖനത്തിൽ പറയുന്നു.
മഹാപ്രളയത്തിലെ യഥാർഥ നായകർ കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ്. എന്നാൽ സിനിമയിൽ അവതരിപ്പിച്ച പോലെ ഒരു പള്ളിലച്ചൻ വിളിച്ചത് കൊണ്ട് മാത്രം ഓടി വന്നവരല്ല അവരെന്നും ലേഖനത്തിൽ പരിഹസിക്കുന്നു. അവരെ വിളിച്ചവരിൽ ഈ നാടിന്റെ സർക്കാർ സംവിധാനം മുതൽ ഈ നാട്ടിലെ സാധാ മനുഷ്യർ വരെയുണ്ട്.
‘എവരി വൺ ഈസ് എ ഹീറോ’ എന്ന ടാഗ് ലൈനിൽ വന്ന സിനിമയിൽ ‘പൊതു ബോധ’മായ സൈനിക ഹീറോവൽക്കരണവും നടത്തി കൈയ്യടി നേടാൻ ശ്രമിക്കുന്നുണ്ടെന്ന് ലേഖനം വിമർശിക്കുന്നു. ടോവിനോയുടെ ഭയം കൊണ്ട് സൈന്യത്തിൽ നിന്ന് ഓടി പോന്ന അനൂപിനെ മറ്റുള്ളവരിൽ നിന്ന് കുറച്ച് മുകളിലേക്ക് നിർത്തുന്നത് ഈ പൊതുബോധനിർമിതയുടെ ഭാഗമായാണെന്നാണ് കണ്ടെത്തൽ.
മഹാപ്രളയത്തിന്റെ ഡോക്യൂമെന്റേഷന് സമാനമായി നിൽക്കാൻ സിനിമാറ്റിക്ക് സാധ്യത 2018ന് ഉണ്ടായിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായുള്ള മറച്ചുവെക്കലിൽ അത് നഷ്ടമായെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. സിനിമ കേരളത്തിന്റെ കഥയാണെന്ന അവകാശവാദം വിമർശിക്കപ്പെടുമെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.
Discussion about this post