കൊൽക്കത്ത: പശ്ചിമബംഗാളിൽ ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശനം നിരോധിച്ച് മമത ബാനർജി. സംസ്ഥാനത്ത് കലാപം ഒഴിവാക്കാനാണ് നീക്കമെന്നാണ് വിശദീകരണം. നിർമാതാക്കളോട് വിശദീകരണം തേടാതെ ഏകപക്ഷീയമായിട്ടാണ് മമതയുടെ തീരുമാനം. തങ്ങളുടെ ഭാഗം കേൾക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ നിയമവഴിയിൽ നീങ്ങുമെന്ന് നിർമാതാവ് വിപുൽ ഷാ പറഞ്ഞു.
സിനിമയ്‌ക്കെതിരെ കേരളത്തിലേതുപോലെ തീവ്ര മുസ്ലീം സംഘടനകൾ അടക്കം ബംഗാളിലും പ്രതിഷേധം ഉയർത്തിയിരുന്നു. ബംഗാളിലെയും രാജ്യത്തെയും സാമുദായിക സൗഹാർദ്ദം സിനിമ തകർക്കുമെന്ന് എസ്ഡിപിഐ ബംഗാൾ ഘടകം പ്രസിഡന്റ് തയീദുൾ ഇസ്ലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമത സിനിമ നിരോധിക്കാൻ തീരുമാനമെടുത്തത്.
സിനിമ കേരളത്തിൽ പ്രദർശിപ്പിക്കുന്നതിന് സിപിഎമ്മിനെയും മമത വിമർശിച്ചു. തൃണമൂൽ കോൺഗ്രസ് ആയിരുന്നില്ല, സിനിമയ്‌ക്കെതിരെ ആദ്യം മുതൽ രംഗത്ത് വന്ന സിപിഎം ആയിരുന്നു ഇത് ചെയ്യേണ്ടിയിരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മമത വിലക്ക് പ്രഖ്യാപിച്ചത്. ബിജെപിയും സിപിഎമ്മുമായുളള ബന്ധമാണ് പ്രദർശനത്തിന് അനുമതി നൽകുന്നതിലൂടെ വ്യക്തമാകുന്നതെന്ന വിചിത്ര ആരോപണവും മമത ഉന്നയിച്ചു.
കേരളത്തിൽ നിന്നുളള സുഹൃത്തുക്കളായ ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് മതംമാറ്റുകയും പിന്നീട് ഭീകരസംഘടനയായ ഐഎസിലേക്ക് ഇവരെ റിക്രൂട്ട് ചെയ്യുകയും തുടർന്ന് നേരിടേണ്ടി വരുന്ന ഭീകരാവസ്ഥയുമാണ് സിനിമ പറയുന്നത്. ലൗ ജിഹാദ് ഉൾപ്പെടെയുളള കെണികളിൽ പെടാതിരിക്കാൻ പെൺകുട്ടികളെ ബോധവൽക്കരിക്കുന്നതാണ് ചിത്രം.
കേരളത്തിലും ചിത്രത്തിനെതിരെ സിപിഎമ്മും ഡിവൈഎഫ്‌ഐയും അടക്കമുളളവർ പ്രതിഷേധമുയർത്തിയെങ്കിലും ഹൈക്കോടതി പ്രദർശനാനുമതി നൽകുകയായിരുന്നു. മതത്തിനെതിരല്ലെന്നും സാങ്കൽപിക കഥയാണെന്നും നിരീക്ഷിച്ചായിരുന്നു കോടതി അനുമതി നൽകിയത്.
Discussion about this post