കൊച്ചി: പുതിയ ചലച്ചിത്ര നിർമ്മാണ കമ്പനി ‘ബിയോൺഡ് സിനിമ ക്രിയേറ്റീവ്‌സി’ന്റെ ഓഫീസ് എറണാകുളം കളമശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു. നിരവധി ചിത്രങ്ങളുടെ പിആർഒ ആയ പി.ശിവപ്രസാദിന്റെ നേതൃത്വത്തിലുളളതാണ് ബിയോൺഡ് സിനിമ ക്രിയേറ്റീവ്‌സ്.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി നവാഗതനായ ഷിജു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘റോമാ:6’ ആണ് ബിയോൺഡ് സിനിമ ക്രിയേറ്റീവ്‌സിന്റെ ആദ്യ ചിത്രം. ജൂണിൽ ചിത്രം റിലീസിനെത്തും.
ജീവിതവും മരണവും മരണാനന്തര ജീവതവും വേറിട്ട ആഖ്യാനശൈലിയിൽ പ്രതിപാദിക്കുന്ന ഫാന്റസി ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ പുതുമുഖങ്ങൾക്ക് പുറമേ ഭാനുമതി പയ്യന്നൂർ, ഉഷ പയ്യന്നൂർ, മദനൻ മാരാർ, പ്രാർത്ഥന പ്രദീപ്, രാഗേഷ് ബാലകൃഷ്ണൻ തുടങ്ങിയവരും വേഷമിടുന്നു.
മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവും തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ബിയോൺഡ് സിനിമ ക്രിയേറ്റീവ്‌സിന്റെ രണ്ടാമത്തെ സിനിമ. ആക്ഷൻ സൈക്കോ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ സംവിധായകൻ കെ.ഷമീറാണ്. ‘പ്രൊഡക്ഷൻ നമ്പർ 2’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ഒരുങ്ങുന്നത്.
ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, ഔസേപ്പച്ചൻ വാളക്കുഴി, സെബാസ്റ്റ്യൻ (ടൈം ആഡ്‌സ്), സംവിധായകരായ സജിൻ ലാൽ, കെ.ഷമീർ, പ്രൊഡക്ഷൻ കൺട്രോളർമാരായ ശ്യാം തൃപ്പൂണിത്തുറ, വിനോദ് പറവൂർ തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post