വാഷിംഗ്ടൺ: ടെക്‌സസിലെ ഷോപ്പിംഗ് മാളിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെയ്പിൽ കൊല്ലപ്പെട്ടവരിൽ ഹൈദരാബാദ് സ്വദേശിനിയും. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലാ കോടതി ജഡ്ജി ടി നരസി റെഡ്ഡിയുടെ മകൾ ഐശ്വര്യ (27) ആണ് മരിച്ചത്. ടെക്‌സസിൽ പ്രൊജക്ട് എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു.
ആന്ധ്രയിൽ നിന്ന് സിവിൽ എൻജിനീയറിംഗ് പാസായ ശേഷം യുഎസിലായിരുന്നു ഐശ്വര്യ മാസ്റ്റർ ഡിഗ്രി പഠിച്ചത്. യുഎസിലെ ഈസ്‌റ്റേൺ മിഷിഗൺ സർവ്വകലാശാലയിൽ നിന്നും കൺസ്ട്രക്ഷൻ മാനേജ്‌മെന്റിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം അവിടെ ജോലിയിൽ തുടരുകയായിരുന്നു. രണ്ട് വർഷത്തിലധികമായി ടെക്‌സസിൽ ഇവർ ജോലി ചെയ്യുന്നുണ്ട്. ശനിയാഴ്ചയാണ് ഡാളസിലെ ഷോപ്പിംഗ് മാളിൽ വെടിവെയ്പുണ്ടായത്. സുഹൃത്തുമൊത്ത് ഷോപ്പിംഗിനിറങ്ങിയതായിരുന്നു ഐശ്വര്യ.
സംഭവത്തിനിടെ പരിഭ്രാന്തയായി ഐശ്വര്യ വീട്ടിലേക്ക് വിളിച്ചിരുന്നു. സുരക്ഷിത സ്ഥലത്തേക്ക് മാറാൻ വീട്ടുകാർ പറഞ്ഞെങ്കിലും മറുതലയ്ക്കൽ പ്രതികരണം ഉണ്ടായില്ല. ഞായറാഴ്ചയാണ് ഐശ്വര്യ കൊല്ലപ്പെട്ട വിവരം ഔദ്യോഗികമായി വീട്ടുകാരെ അറിയിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. അക്രമം നടത്തിയ 33 കാരനെ പിന്നീട് പോലീസ് വധിച്ചിരുന്നു.
Discussion about this post