തൃശൂർ: താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു വരന്റെ വീട് കണ്ടതിന് പിന്നാലെ വിവാഹത്തിൽ നിന്ന് പിന്മാറി. കുന്നംകുളം തെക്കേപുറത്താണ് സംഭവം. താലികെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾ കഴിഞ്ഞാണ് വധു വരന്റെ വീട്ടിലെത്തിയത്. ഇവിടെയെത്തി വീട് കണ്ടയുടനെ വീട്ടിലേക്ക് കയറുന്ന ചടങ്ങ് നടക്കുന്നതിന് മുൻപെ തിരികെ ഓടുകയായിരുന്നു.
ഈ വീട്ടിലേക്ക് താൻ വരില്ല എന്ന് പറഞ്ഞു കൊണ്ടാണ് വധു ഓടിയത്. വധു ഓടുന്നത് കണ്ട് പരിഭ്രമിച്ച ബന്ധുക്കൾ ബലമായി പെൺകുട്ടിയെ പിടിച്ച് കൊണ്ടു വന്നെങ്കിലും വീട്ടിലേക്ക് കയറാൻ ഇവർ തയ്യാറായില്ല. വീട്ടിലേക്ക് കയറുന്ന ചടങ്ങ് പൂർത്തിയാക്കിയ ശേഷം സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും ഇത് ചെവിക്കൊള്ളാൻ തയ്യാറാകാതെ വധു തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.
അഞ്ച് സെന്റ് ഭൂമിയിലാണ് ദിവസ വേതനക്കാരനായ വരന്റെ വീട്. ഓടും ഓലയും ഷീറ്റും മേഞ്ഞ വീട്ടിൽ ഒരു പെൺകുട്ടിക്ക് വേണ്ട അൽപ്പം സ്വകാര്യത ലഭിക്കില്ലെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. വധു തീരുമാനത്തിൽ ഉറച്ച് നിന്നതോടെ വധുവിന്റെ വീട്ടുകാരെ വിളിച്ച് വരുത്തി. മകളോട് ചടങ്ങിൽ പങ്കെടുക്കണമെന്ന് ഇവരും ആവശ്യപ്പെട്ടെങ്കിലും വധു തീരുമാനം മാറ്റാതെ നിന്നതോടെ കാര്യങ്ങൾ സംഘർഷാവസ്ഥയിലേക്ക് മാറി.
ഒടുവിൽ വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും തമ്മിലായി സംഘർഷം. ഇതിനിടെ വധുവിനെ വേണ്ടെന്ന് വരനും വരനെ വേണ്ടെന്ന് വധുവും നിലപാടെടുത്തു. സാഹചര്യം വഷളായതോടെ നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് ആവശ്യപ്പെട്ടിട്ടും പെൺകുട്ടി വീട്ടിലേക്ക് കയറാത്തതിനെ തുടർന്ന് വധുവിനെ വധുവിന്റെ വീട്ടിലേക്കും വരനെ വരന്റെ വീട്ടിലേക്കും പോലീസ് പറഞ്ഞയക്കുകയായിരുന്നു. വിഷയത്തിൽ അടുത്ത ദിവസം ചർച്ച നടത്താമെന്ന് പറഞ്ഞാണ് പോലീസ് ഇരുകൂട്ടരേയും മടക്കി അയച്ചത്.
Discussion about this post