ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും കലാപക്കൊടിയുയർത്തി സച്ചിൻ പൈലറ്റ്. സോണിയഗാന്ധിയല്ല, വസുന്ധര രാജെയാണ് അശോക് ഗെഹ്ലോട്ടിന്റെ നേതാവെന്ന് സച്ചിൻ തുറന്നടിച്ചു. വസുന്ധരയുടെ കാലത്തെ അഴിമതികൾ എന്തുകൊണ്ടാണ് ഗെഹ്ലോട്ട് അന്വേഷിക്കാത്തത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗെഹ്ലോട്ട് മാറി നിൽക്കണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ തലേദിവസം സച്ചിൻ ഉയർത്തിയ ആരോപണങ്ങൾ കോൺഗ്രസിനും തലവേദനയായിട്ടുണ്ട്.
” തനിക്കെതിരെ വ്യാജകത്ത് പ്രചരിപ്പിക്കുകയാണ്. സംസ്ഥാനത്ത് നേതൃമാറ്റം അനിവാര്യമാണെന്നും സച്ചിൻ പറഞ്ഞു. മെയ് 11 മുതൽ സംസ്ഥാനത്ത് ജൻ സംഘർഷ് യാത്ര നടത്തുമെന്നും സച്ചിൻ പ്രഖ്യാപിച്ചു. അജ്മീറിൽ നിന്ന് ആരംഭിക്കുന്ന യാത്ര അഞ്ച് ദിവസം നീണ്ട് നിൽക്കും. ജയ്പൂരിലാണ് അഴിമതി വിരുദ്ധ യാത്ര അവസാനിക്കുകയെന്നും സച്ചിൻ വ്യക്തമാക്കി.
യുവാക്കൾ നേരിടുന്ന ബുദ്ധിമുട്ടുകളും യാത്രയിൽ ഉയർത്തും. അഴിമതിക്കെതിരെ ഗെഹ്‌ലോട്ട് സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് സച്ചിൻ യാത്ര നടത്താനൊരുങ്ങുന്നത്. 2020ൽ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഗെഹ്ലോട്ട് സച്ചിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നൽകാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് സച്ചിൻ ഗെഹ്ലോട്ടിനെതിരെ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയത്.
Discussion about this post