എറണാകുളം: ആലപ്പുഴ കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികൻ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. സംഭവത്തിൽ സ്വമേധയാ ഇടപെട്ടുകൊണ്ടായിരുന്നു കോടതി ഉത്തരവ്. ദിവസങ്ങൾക്ക് മുൻപാണ് റോഡിലെ കുഴിയിൽ വീണ് മത്സ്യത്തൊഴിലാളിയായ ജോയ് മരിച്ചത്.
കൊമ്മാടി റോഡിൽ കലുങ്ക് നിർമ്മിക്കാനായി കുഴിയെടുത്തിരുന്നു. ഇതിൽ വീണായിരുന്നു ജോയി മരിച്ചത്. രാത്രി ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയായിരുന്നു സംഭവം ഉണ്ടായത്. റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട സൂചനാ ബോർഡുകളൊന്നും തന്നെ കരാർ കമ്പനിക്കാർ സ്ഥാപിച്ചിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായത്. അപകടത്തിന് പിന്നാലെ തിടുക്കപ്പെട്ട് പിന്നീട് കരാറ് കമ്പനി അപായ സൂചന ബോർഡ് വയ്ക്കുകയും റോഡിന് കുറുകേ ടേപ്പ് ഒട്ടിക്കുകയുമായിരുന്നു.
എന്നാൽ സംഭവത്തിന് പിന്നാലെ പിഡബ്ലുഡി എൻജിനീയർ സമർപ്പിച്ച റിപ്പോർട്ട് പൂർണമായും കരാറ് കമ്പനിയ്ക്ക് അനുകൂലമായിട്ടായിരുന്നു. ഇതിനെതിരെ ജോയുടെ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നുവന്നിരുന്നു. ഇതോടെയാണ് സംഭവത്തിൽ ഹൈക്കോടതി തന്നെ നേരിട്ട് ഇടപെട്ടത്.
Discussion about this post