ന്യൂഡൽഹി; കഴിഞ്ഞ ഒരു വർഷമായി വളരെ ദയനീയമായ അവസ്ഥയിലൂടെയാണ് തൻറെ ജീവിതം മുന്നോട്ട് പോകുന്നതെന്ന് ചലച്ചിത്ര നിർമ്മാതാവ് വിവേക് അഗ്നിഹോത്രി. കശ്മീർ ഫയൽസ്’ എന്ന സിനിമ പുറത്തിറങ്ങിയതിന് ശേഷം തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് പലഭാഗത്തുനിന്നും ഉണ്ടായത്. ചില രാഷ്ട്രീയക്കാരും മാദ്ധ്യമപ്രവർത്തകരും തന്നെ ലക്ഷ്യമിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് മകളുടെ ചിത്രങ്ങളെടുത്ത് അവർ ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിച്ചു.
“കഴിഞ്ഞ ഒരു വർഷമായി ഞാൻ എങ്ങനെ ജീവിക്കുന്നു എന്ന് എനിക്ക് നിങ്ങളോട് മാത്രമേ പറയാൻ കഴിയൂ. ചില രാഷ്ട്രീയക്കാരും പത്രപ്രവർത്തകരും എന്റെ ജീവിതം ദുസ്സഹമാക്കി. അവർ എന്നെ നിശബ്ദനാക്കാൻ ശ്രമിക്കുകയാണ്. എന്റെ മകളുടെ ചിത്രം പ്രചരിപ്പിച്ചാണ് അവർ എന്നെ ആക്രമിക്കാൻ ശ്രമിച്ചത്. അവളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നാണ് ചിത്രങ്ങൾ എടുത്തത്. ഇത് തരംതാണ പ്രവൃത്തിയാണ്, ”അഗ്നിഹോത്രി പറഞ്ഞു.
സുദീപ്തോ സെന്നിന്റെ ‘ദി കേരള സ്റ്റോറി’ പുറത്തിറങ്ങിയ വേളയിൽ മമത ബാനർജിയാണ് കശ്മീർ ഫയൽസിനെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്. പ്രണയം നടിച്ച് സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിനായി സിറിയയിലേക്ക് എത്തിക്കുന്നതാണ് കേരള സ്റ്റോറിയുടെ പ്രമേയം. വർഗീയ ചേരിതിരിവിന് വഴിയൊരുക്കുമെന്ന് ആരോപിച്ച് ബംഗാൾ സർക്കാർ ‘ ദി കേരള സ്റ്റോറിയുടെ പ്രദർശനം ബംഗാളിൽ നിരോധിച്ചിരുന്നു.
1990-ലെ കാശ്മീർ താഴ്‌വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനം , പ്രദേശത്തെ ഭീകരവാദത്തിൻറെ സത്യാവസ്ഥ എന്നിവ പ്രമേയമാക്കിയാണ് ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രം പുറത്തിറങ്ങിയത്.
Discussion about this post