മലപ്പുറം : മലപ്പുറം താനൂർ തൂവൽതീരത്ത് അപകടത്തിൽ പെട്ട അറ്റ്‌ലാന്റിക് ബോട്ടിനെതിരെ നേരത്തെ മന്ത്രിമാർക്ക് പരാതി നൽകിയിരുന്നു എന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്. ബോട്ട് അനധികൃതമായാണ് സർവീസ് നടത്തുന്നതെന്ന് കാണിച്ച് മന്ത്രിമാർക്ക് പരാതി നൽകിയിരുന്നെന്ന് മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് സർവീസ് നടത്തിപ്പുകാരനുമായ എം.പി. മുഹാജിദ്.
തൂവൽതീരത്ത് പുതുതായി നിർമിച്ച ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടന ദിവസമാണ് പരാതി നൽകിയത്. സ്ഥലം എംഎൽഎയും മന്ത്രിയുമായ വി. അബ്ദുറഹ്മാൻ, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എന്നിവരോട് പരാതിപ്പെട്ടിരുന്നു. എന്നാൽ മന്ത്രി അബ്ദുറഹ്മാൻ ധിക്കാരത്തോടെയാണ് തന്നോട് പ്രതികരിച്ചത്. ടൂറിസം മന്ത്രി പരാതി എഴുതിവാങ്ങിയെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ലെന്നും മുഹാജിദ് ആരോപിച്ചു.
ബോട്ട് അനധികൃതമായിട്ടാണ് സർവീസ് നടത്തുന്നതെന്നും നിയമപ്രകാരമുള്ള യാർഡിൽ അല്ല ഇത് നിർമിച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു. മത്സ്യബന്ധന ബോട്ട് എടുത്തിട്ട് ടൂറിസ്റ്റ് ബോട്ടാക്കി മാറ്റുകയാണ് ചെയ്തത്. ബോട്ട് അനധികൃതമായി രൂപമാറ്റം വരുത്തുന്നതിന്റെ ചിത്രങ്ങളടക്കം കൈയ്യിലുണ്ടായിരുന്നു. പരാതി പറയുമ്പോൾ മന്ത്രിയോടൊപ്പം ബോട്ടുടമയും ഉണ്ടായിരുന്നു. ഇതോടെ മന്ത്രി കുപിതനായി. ”താൻ പേപ്പർ പരിശോധിച്ചിട്ട് വാ. തന്നോട് ആരാടോ പേപ്പർ ഇല്ലെന്ന് പറഞ്ഞത് എന്നാണ് മന്ത്രി അബ്ദുറഹ്മാൻ ചോദിച്ചത്.” മുഹാജിദ് പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിനെ സമീപിച്ചപ്പോൾ, പരാതി രേഖപ്പെടുത്തണം എന്നായിരുന്നു ടൂറിസം മന്ത്രിയുടെ പ്രതികരണം. പി.എയോട് തന്റെ കൈയിൽ നിന്ന് പരാതി എഴുതിവാങ്ങാൻ അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് തന്റെ ഫോൺ നമ്പറും വാങ്ങി. എന്നാൽ ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. തന്റെ പരാതി കുപ്പത്തൊട്ടിയിൽ ഇട്ടോ എന്ന് സംശയമുണ്ടെന്നും മുഹാജിദ് പറഞ്ഞു.












