തിരുവനന്തപുരം: കേരളത്തെയാകെ ഞെട്ടിച്ചു കൊണ്ടാണ് കൊല്ലം കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ 23കാരിയായ ഡോക്ടറെ ചികിത്സയ്ക്ക് എത്തിയ രോഗി കുത്തിക്കൊന്നത്. ലഹരിക്കടിമയായ പ്രതി പെട്ടന്ന് അക്രമാസക്തനാവുകയും ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കുത്തിക്കൊല്ലുകയുമായിരുന്നു. നാട്ടിലും വീട്ടിലും പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിന്റെ പേരിലാണ് നാട്ടുകാർ പോലീസിനെ വിളിച്ചു വരുത്തുന്നതും, പോലീസ് കസ്റ്റഡിയിലെടുക്കുന്നതും. കസ്റ്റഡിയിലെടുത്ത പ്രതിയെ നേരെ ആശുപത്രിയിലേക്കാണ് പോലീസ് എത്തിക്കുന്നത്.
അങ്ങേയറ്റം അക്രമാസക്തനാണ് ഇയാൾ എന്ന് അറിഞ്ഞിട്ട് തന്നെയാണ് വനിതാ ഡോക്ടറുടെ അടുത്തേക്ക് യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ പ്രതിയെ പോലീസുകാർ കടത്തി വിടുന്നത്. കൈവിലങ്ങ് പോലും ഇല്ലാതെയാണ് ലഹരിക്കടിമയായ പ്രതിയെ പോലീസും കൈകാര്യം ചെയ്യുന്നത്. ഇത്തരത്തിൽ അക്രമാസക്തരായ രോഗികളെ കൈകാര്യം ചെയ്യാൻ കൃത്യമായ നിയമസംവിധാനങ്ങൾ ഇല്ല എന്നുള്ളതാണ് പലപ്പോഴും ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടാൻ കാരണമാകുന്നതെന്ന് ഡോക്ടർമാർ തന്നെ പറയുന്നുണ്ട്.
അറസ്റ്റിലായ വ്യക്തികളെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ ഒപ്പം വരുന്ന പോലീസ് ഉദ്യോഗസ്ഥർ ഡോക്ടറും പ്രതിയും തമ്മിലുള്ള സംസാരം കേൾക്കാതെ മാറി നിൽക്കണമെന്ന ഉത്തരവ് കഴിഞ്ഞ വർഷം ജൂണിലാണ് സർക്കാർ പുറത്തിറക്കുന്നത്. ഡോക്ടർ പ്രതി ആശയവിനിമയത്തിന് സ്വകാര്യത ഉറപ്പ് വരുത്തുന്നതിന് വേണ്ടിയായിരുന്നു നടപടി. എന്നാൽ പ്രതിക്ക് രക്ഷപെടാൻ കഴിയാത്തത്ര അകലം പോലീസ് പാലിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്. പോലീസ് കസ്റ്റഡിയിൽ മർദനമേറ്റിട്ടുണ്ടെങ്കിൽ പ്രതിയോട് ചോദിച്ച് മനസ്സിലാക്കാൻ ഡോക്ടർക്ക് അവസരമൊരുക്കുക എന്നതാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ പ്രതികളെ കൈവിലങ്ങ് അണിയിക്കുകയോ മറ്റേതെങ്കിലും തരത്തിൽ അപകടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്ന രോഗികളെ കൃത്യമായ സുരക്ഷാ സംവിധാനങ്ങളോടെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നത് സംബന്ധിച്ചോ യാതൊരു നിയമവും ഇല്ല. രോഗികളെ പരിശോധിക്കുന്നതിന്റെ തങ്ങൾ ആക്രമിക്കപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഡോക്ടർമാരും പറയുന്നു. കൃത്യമായ നിയമനിർമ്മാണത്തിലൂടെ മാത്രമേ ഭാവിയിലും ഇത്തരം അതിക്രമങ്ങൾ ഉണ്ടാകുന്നത് തടയാനാകൂ എന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.












