കോട്ടയം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവം കേരളക്കരയെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വൈദ്യപരിശോധനയ്ക്കിടെയാണ് ഡോ. വന്ദന ദാസിനെ അക്രമാസക്തനായ യുവാവ് ആക്രമിച്ചത്. പോലീസുകാർ നോക്കിനിൽക്കെയായിരുന്നു ആക്രമണം. കഴുത്തിലും മുതുകിലും നെഞ്ചിലും കുത്തേറ്റ ഡോക്ടറെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബ്കാരി ബിസിനസുകാരനായ മോഹൻ ദാസിന്റെയും അമ്മ വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാളമുക്കാണ് വീട്. അസീസിയ മെഡിക്കൽ കോളേജിൽ എംബിബിഎസ് പൂർത്തിയാക്കി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി പ്രവർത്തിക്കുകയായിരുന്നു. വീടിന്റെ മുന്നിലുള്ള മതിലിൽ വെച്ചിരിക്കുന്ന നെയിം ബോർഡിന്റെ തിളക്കം മങ്ങുന്നതിന് മുൻപ് വന്ദന എല്ലാവരെയും വിട്ട് യാത്രയായി.
പ്ലസ് ടു വരെ നാട്ടിൽ തന്നെയാണ് വന്ദന പഠിച്ചത്. നന്നായി പഠിക്കുന്ന വിദ്യാർത്ഥിയായിരുന്നു. കുടുംബത്തിനും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ട കുട്ടി. പഠിച്ച് വലിയ ഡോക്ടറാകണം ജനങ്ങളെ സേവിക്കണം എന്നെല്ലാമായിരുന്നു വന്ദനയുടെ ആഗ്രഹം. എന്നാൽ ഡോക്ടറായി ജോലി തുടങ്ങി ഏറെ വൈകാതെ തന്നെ മരണം അവളെ കവർന്നെടുത്തു.
ഒന്നര മണിക്കൂറോളം പരിശ്രമിച്ചെങ്കിലും വന്ദനയുടെ ജീവൻ രക്ഷിക്കാനായില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. ആറിലേറെ തവണ കുത്തേറ്റിട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ നില ഗുരുതരമായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. തുടർന്ന് കഠിനമായി പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ പ്രതിക്ക് കൈവിലങ്ങ് ഇട്ടിരുന്നെങ്കിൽ ഈ അപകടം ഉണ്ടാകില്ലായിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്.
Discussion about this post