ശ്രീനഗർ: ജമ്മു കശ്മീരിലെ മസ്ജിദിൽ വൻ അഗ്നിബാധ. പുൽവാമയിലെ ജമാ മസ്ജിദിലാണ് തീ പടർന്നത്. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു മസ്ജിദിൽ തീപിടിത്തം ഉണ്ടായത്. സംഭവ സമയം ആരും തന്നെ മസ്ജിദിനുള്ളിൽ ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പ്രദേശവാസികളാണ് മസ്ജിദിൽ നിന്നും തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. ഉടനെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
പുൽവാമയിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മസ്ജിദിനുള്ളിൽ തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജമ്മു കശ്മീർ പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി.








