പാലക്കാട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു. പാലക്കാട് നഗരമദ്ധ്യത്തിൽ ഉച്ചയോടെയായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം.
തുടർച്ചയായി ആരോഗ്യപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടാകുമ്പോഴും സർക്കാർ തുടരുന്ന അനാസ്ഥയിലും, ഡോ. വന്ദന ദാസിന്റെ മരണത്തിന് പിന്നാലെ വീണാ ജോർജ് നടത്തിയ പ്രസ്താവനയിലും പ്രതിഷേധിച്ചാണ് യുവമോർച്ച പ്രതിഷേധ പ്രകടനം നടത്തിയത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. പി രഘുനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനുൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി.
കഴിഞ്ഞ ഏതാനും നാളുകളായി ആരോഗ്യപ്രവർത്തകർ ജോലിയ്ക്കിടെ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയാണ്. ഇതിനിടെയാണ് ഒരു ഡോക്ടർ കൊല്ലപ്പെട്ടിരിക്കുന്നത്. സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണം.
Discussion about this post