ജയ്പൂർ: രാജസ്ഥാനിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഥ്ദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലാണ് അദ്ദേഹം ദർശനം നടത്തിയത്. ഏഴ് വയസുള്ള ബാലഗോപാലനാണ് ശ്രീനാഥ്ജി ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇവിടെയെത്തിയ പ്രധാനമന്ത്രി പകൽപൂജകളിൽ പങ്കുചേർന്ന് അനുഗ്രഹം തേടി.
എല്ലാ ദിവസവും പുതുവസ്ത്രങ്ങൾ അണിയിച്ചാണ് ശ്രീനാഥ്ജി ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ഒരുക്കുന്നത്. സന്താനഭാഗ്യത്തിനും മറ്റുമായി നിരവധി ദമ്പതിമാരാണ് ബാലഗോപാലന്റെ അനുഗ്രഹം തേടാനെത്തുന്നത്.
അതേസമയം ഇന്ന് 5500 കോടി രൂപയുടെ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചത്. നാല് ദേശീയ പാതകളും മൂന്ന് റെയിൽ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. ഉദയ്പൂർ റെയിൽവേ സ്റ്റേഷന്റെ പുനർവികസനം, ഗേജ് മാറ്റൽ പദ്ധതി, പുതിയ പാത എന്നിവയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. 114 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരിപ്പാത ഉദയ്പൂർ മുതൽ ഷംലാജി വരെയുള്ള എൻഎച്ച്-48, 110 കിലോമീറ്റർ നീളമുള്ള എൻഎച്ച്-25ലെ ബാർ-ബിലാര-ജോധ്പൂർ സെക്ഷന്റെ വീതികൂട്ടലും ബലപ്പെടുത്തലും, നടപ്പാതകളുള്ള രണ്ടുവരി പാതകളും ഉൾപ്പെടെ മൂന്ന് ദേശീയ പാത പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.
Discussion about this post