മലപ്പുറം: പർദ്ദ ധരിച്ച് മോഷണം പതിവാക്കിയ സ്ത്രീ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി മണ്ണാരിൽ വീട്ടിൽ സഫിയ (50) ആണ് അറസ്റ്റിലായത്. വളാഞ്ചേരിയിൽ ഒരു ജ്വല്ലറിയിൽ മോഷണം നടത്തുന്നതിനിടെ സഫിയയെ കയ്യോടെ പിടികൂടുകയായിരുന്നു.
വളാഞ്ചേരി- പെരിന്തൽമണ്ണ റോഡിലുള്ള പാലറ ഗോൾഡ് എന്ന ജ്വല്ലറിയിൽ നിന്നായിരുന്നു സഫിയ സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചത്. സ്വർണം പർദ്ദയ്ക്കുള്ളിലാക്കി കടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇത് ഉടമയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ പിടികൂടുകയായിരുന്നു. ഉടനെ തന്നെ വിവരം പോലീസിനെയും അറിയിച്ചു.
പോലീസ് എത്തി വിശദമായി ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ജ്വല്ലറിയിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ ഇവർ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് പോലീസ് ശേഖരിച്ചു.












