മണിരത്‌നത്തിന്റെ സൃഷ്ടിയിൽ പിറന്ന ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രം പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം റെക്കോർഡുകൾ സ്വന്തമാക്കി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചോള സാമ്രാജ്യത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തിൽ വിക്രമും ഐശ്വര്യ റായിയും തൃഷയും ജയംരവിയും കാർത്തിയും പ്രകാശ് രാജും ശരത്തും ജയറാമുമുൾപ്പെടുന്ന വൻ താരനിര അണിനിരന്നതോടെ കൂടുതൽ പ്രേക്ഷകശ്രദ്ധയാകർഷിച്ചു. സിനിമയുമായി ബന്ധപ്പെട്ട നിരവധി വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാണ്. എന്നാൽ സിനിമയിലെ ആർക്കും അറിയാത്ത നിരവധി രഹസ്യങ്ങളുണ്ട്. ഈ വിശേഷങ്ങളെന്തെല്ലാമെന്ന് നമുക്ക് നോക്കാം.
രാജമൗലിയുടെ ബാഹുബലി സിനിമയിൽ അസാമാന്യ പ്രകടനം കാഴ്ച്ച വച്ച അനുഷ്‌ക ഷെട്ടിയെയാണ് നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം തിരഞ്ഞെടുത്തത്. എന്നാൽ അനുഷ്‌ക ഇതിൽ നിന്ന് പിന്മാറി. തുടർന്നാണ് ഐശ്വര്യ റായി സിനിമയിലെത്തുന്നത്.
സൂപ്പർസ്റ്റാർ രജനീകാന്തിന് സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ രജനിക്ക് അനുയോജ്യമായ റോൾ സിനിമയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മണിരത്‌നം രജനിയെ കാസ്റ്റ് ചെയ്തില്ല.
സിമ്പു എന്ന ചിലമ്പരശൻ സിനിമയുടെ ഭാഗമായിരുന്നു. എന്നാൽ നയൻതാരയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തപ്പോൾ ചിലമ്പരശൻ പിന്മാറി. ഇതിന് ശേഷം നയൻതാരയ്ക്കും പിന്മാറേണ്ടി വന്നു. മറ്റ് സിനിമകൾക്ക് നൽകിയ ഡേറ്റുകൾ പ്രശ്‌നമായത് കൊണ്ടാണ് നയൻതാര പിന്മാറിയത്.
പൊന്നിയിൻ സെൽവൻ കൃത്യമായി വിശകലനം ചെയ്താൽ മനസിലാകും എവിടേയും ഭക്ഷണം കഴിക്കുന്ന സീൻ ഇല്ല. പഴം കഴിക്കുന്നതും മോരു കുടിക്കുന്നതുമല്ലാതെ ഭക്ഷണം കഴിക്കുന്ന ഒരു ദൃശ്യം പോലും സിനിമയിൽ ഇല്ല. അന്നത്തെ ഭക്ഷണം എന്തായിരുന്നുവെന്ന് കൃത്യമായ വിവരം കിട്ടാത്തതിനാലാണ് ഭക്ഷണം കഴിക്കുന്ന സീൻ ഉൾപ്പെടുത്താതിരുന്നത്.
ഏറ്റവും കൂടുതൽ അറുപത് വയസ്സ് കഴിഞ്ഞവർ കണ്ട സിനിമയായി ഒരു പക്ഷേ പൊന്നിയിൻ ശെൽവനെ വിശേഷിപ്പിക്കാം. നോവലിന്റെ കടുത്ത ആരാധകരാണ് സിനിമ കാണാൻ കൂട്ടത്തോടെ എത്തിയത്.
തമിഴ് സിനിമയിലെ ത്രിമൂർത്തികൾ എന്ന് വിളിക്കപ്പെടുന്ന മണിരത്‌നം , എ.ആർ റഹ്മാൻ, വൈരമുത്തു എന്നിവരുടെ കാലങ്ങളായി തുടർന്ന് വന്നിരുന്ന കോമ്പിനേഷൻ ഈ സിനിമയിൽ ഉണ്ടായില്ല. വൈരമുത്തു മീ ടു വിൽ പെട്ടതോടെ സിനിമയുടെ ഭാഗമായില്ല. 1992 മൂവരും റോജ സിനിമയുടെ ഭാഗമായതിനു ശേഷം ഇന്നേ വരെ ഈ കൂട്ട് പിരിഞ്ഞിരുന്നില്ല.
Discussion about this post