ഇസ്ലാമാബാദ്: ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുൻ പാകിസ്താൻ പ്രസിഡന്റ് ഇമ്രാൻ ഖാൻ. ജയിലിനുള്ളിൽ വച്ച് ഭരണാധികാരികളുടെ ഒത്താശയോടെ തന്നെ ഇഞ്ചിഞ്ചായി കൊല്ലാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കോടതിയിലാണ് ഇമ്രാൻ ഖാന്റെ ആരോപണങ്ങൾ.
പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സൗകര്യങ്ങൾ ഒരുക്കി നൽകിയില്ലെന്നും ഹൃദയാഘാതത്തിന് കാരണമാകുന്ന കുത്തിവയ്പ്പ് നൽകിയെന്നും ഇമ്രാൻ ആരോപിച്ചു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും കുടുംബത്തിനുമെതിരായ 16 ബില്യൺ രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രധാന സാക്ഷിയായ മഖ്സൂദ് ചപ്രാസിയുടെ അതേ വിധി നേരിടേണ്ടിവരുമെന്ന് തനിക്ക് ഭയമുണ്ടെന്ന് ഇമ്രാൻ ഖാൻ വിമർശിച്ചു.
എന്നാൽ ഇമ്രാന്റെ വാദങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാതെ കോടതി മുൻ പ്രധാനമന്ത്രിയെ എട്ട് ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യണമെന്ന അഴിമതി വിരുദ്ധ വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി തീരുമാനം












