കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ പോലീസ് കസ്റ്റഡിയിൽ എടുത്തയാളുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസിന്റെ കേസ് അന്വേഷണ ചുമതലയിൽ മാറ്റം. കൊലപാതകം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറൽ ഡിവൈഎസ്പി എംഎം ജോസിനാണ് അന്വേഷണ ചുമതല.
അതേസമയം പ്രതി സന്ദീപിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് ഇയാളുടെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിരുന്നു. പുലർച്ചെ പ്രതി പോലീസിനെ വിളിച്ചുവരുത്തുന്നതിന് മുൻപ് വീഡിയോ എടുത്ത ശേഷം ജോലി ചെയ്തിരുന്ന സ്‌കൂളിലെ പ്രധാന അദ്ധ്യാപികയ്ക്കാണ് വീഡിയോ അയച്ചത്. ‘തന്നെ ചിലർ കൊല്ലാൻ ശ്രമിക്കുന്നുണ്ടെന്നായിരുന്നു’ സന്ദീപ് വീഡിയോ സന്ദേശത്തിൽ പറഞ്ഞത്.എന്നാൽ അക്രമത്തിന് തൊട്ടു മുൻപ് വീഡിയോ എടുത്ത് അയച്ചത് ആർക്കെന്ന് വ്യക്തതയില്ല.
അതേസമയം പോലീസുകാരുടെ സാന്നിദ്ധ്യമുണ്ടായിട്ടും ഡ്യൂട്ടിക്കിടെ ഡോക്ടർ കൊല്ലപ്പെട്ടതിൽ ഉത്തരവാദികളായ പോലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഹൗസ് സർജൻസ് അസോസിയേഷൻ. വന്ദനയെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് കടുത്ത ശിക്ഷ ഉറപ്പാക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് നിലപാട്.












