റോഡരികിൽ കാട്ടാനയ്ക്ക് മുന്നിൽ നിന്ന് അഭ്യാസപ്രകടനം നടത്തുന്നയാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കാട്ടാനയ്ക്ക് അടുത്തേക്ക് കൈകൂപ്പിക്കൊണ്ട് പോകുന്ന യുവാവ് പിന്നീട് തറയിൽ തൊട്ട് നമസ്‌കരിക്കുന്നതും കാണാം. തമിഴ്‌നാട് ധർമപുരിയിൽ നിന്നുളള ദൃശ്യങ്ങളാണിത്.
റോഡ് മുറിച്ചുകടന്ന് കാട്ടാനയ്ക്ക് അടത്തേക്ക് ധൈര്യത്തോടെ നടന്ന് പോയ ഇയാൾ അവിടെയെത്തി കൈകൾ കൂപ്പി. ഇതോടെ കാട്ടാന ഒന്ന് ഭയന്ന് പിന്നോട്ട് മാറി മരത്തിന് പുറകിലേക്ക് പോയി. ചില ശബ്ദങ്ങളും പുറപ്പെടുവിച്ചു. എന്നാൽ ഇയാൾ പിന്മാറാൻ തയ്യാറായില്ല. വീണ്ടും കാട്ടാനയുടെ അടുത്തേക്ക് പോയി അഭ്യാസപ്രകടനങ്ങൾ ആരംഭിച്ചു. കാട്ടാനയ്ക്കു മുന്നിൽ കൈകൾ ഉയർത്തി നിന്ന് അതുവഴി എത്തിയ വാഹനങ്ങളെ ഇയാൾ നിയന്ത്രിച്ചു.
ഇതിനിടയിൽ ആന മണ്ണും കുറ്റിച്ചെടികളും മാന്തുന്നതും മുൻകാലുകൾ മണ്ണിൽ ഉരച്ച് അടുക്കാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ ഇതൊന്നും കാര്യമാക്കാതെയായിരുന്നു അഭ്യാസങ്ങൾ.
ഐഎഫ്എസ് ഓഫീസറായ സാകേത് ബഡോലയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വീഡിയോ പ്രചരിച്ചതോടെ ആനയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെട്ടയാൾക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
Discussion about this post