ബംഗലൂരു: കർണാടകയിൽ കോൺഗ്രസിന്റെ കണക്കുകൾ പിഴയ്ക്കുമോ? . എക്‌സിറ്റ് പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിൽ വോട്ടെണ്ണലിനെ അഭിമുഖീകരിക്കുന്ന കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നുവെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ചില എക്‌സിറ്റ് പോൾ ഫലങ്ങൾ കർണാടകയിൽ തൂക്കുസഭയ്ക്കാണ് സാദ്ധ്യത പ്രവചിച്ചത്. ഇതാണ് കോൺഗ്രസിനെ ആശങ്കയിലാക്കുന്നത്.
തൂക്കുസഭ വന്നാൽ കോൺഗ്രസിന് ജനതാദൾ സെക്കുലർ (ജെഡിഎസ്) ന്റെ പിന്തുണ നിർണായകമാകും. എന്നാൽ പിന്തുണ ആർക്കാണെന്ന് പാർട്ടി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്ന് ജെഡിഎസ് മുൻ വക്താവ് കൂടിയായ തൻവീർ അഹമ്മദ് വാർത്താ ഏജൻസിയായ എഎൻഐയോട് വെളിപ്പെടുത്തിയിരുന്നു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സിഎം ഇബ്രാഹിം തൻവീർ അഹമ്മദിന്റെ അഭിപ്രായം നിഷേധിച്ചെങ്കിലും കോൺഗ്രസിന്റെ വലിയ പ്രതീക്ഷകൾക്കാണ് ഇത് മങ്ങലേൽപിച്ചത്.
തുടർന്ന് ജെഡിഎസ് നീക്കങ്ങളെ പ്രതിരോധിക്കാനുളള പ്രസ്താവനകളുമായി കോൺഗ്രസ് രംഗത്തെത്തുകയും ചെയ്തു. ഫല പ്രഖ്യാപനത്തിന് പിന്നാലെ ജെഡിഎസ് പിളരുമെന്നും ഇക്കുറി കർണാടകയിൽ ജെഡിഎസുമായി ചേർന്നുളള സർക്കാരിന് സാദ്ധ്യതയില്ലെന്നുമാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശിന്റെ പ്രതികരണം. കർണാടകയിൽ കോൺഗ്രസ് വിജയിക്കുമെന്നും ജയ്‌റാം രമേശ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കോൺഗ്രസിന്റെ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയമായിരിക്കുമെന്നും കാരണം മോദിയാണ് കർണാടകയിലെ ബിജെപി പ്രചാരണം നയിച്ചതെന്നും ജയ്‌റാം രമേശ് കൂട്ടിച്ചേർത്തു. കർണാടകയിൽ ബിജെപി പരാജയപ്പെട്ടാൽ 2024 ൽ ഡൽഹിയിലെ വാതിൽ കോൺഗ്രസിന് മുൻപിൽ തുറക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെയ്്ക്കുന്നു.
Discussion about this post