ഇസ്ലാമാബാദ്; അൽ ഖാദിർ ട്രസ്റ്റ് കേസിൽ അറസ്റ്റ് ചെയ്ത മുൻ പാക് പ്രധാനമന്ത്രിയും തെഹ് രിക് ഇ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാൻ ജയിൽമോചിതനായി. ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ഇമ്രാന്റെ ജയിൽമോചനം സാദ്ധ്യമായത്. മോചിതനായ ശേഷം തന്റെ നിയമോപദേശകരുമായി ചർച്ച നടത്തിയ ഇമ്രാൻ ലാഹോറിലെ സമാൻ പാർക്ക് വസതിയിലെത്തി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
വഴിയിലുടനീളം പാർട്ടി പ്രവർത്തകർ ഇമ്രാനെ കാണാൻ കാത്തുനിന്നിരുന്നു. ഇമ്രാൻ ഖാനെതിരായ അഴിമതിക്കുറ്റങ്ങൾ നിലനിൽക്കുമെന്ന് പ്രത്യേകം പരാമർശിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം ഇതിന് പിന്നാലെ ജാമ്യം ലഭിച്ച ശേഷവും തന്നെ അന്യായമായ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞ് ഇമ്രാൻ വീഡിയോ സന്ദേശം പുറത്തുവിട്ടു. സമാധാനപരമായ പ്രതിഷേധത്തിന് തയ്യാറെടുക്കാൻ അണികളോട് ആഹ്വാനം ചെയ്യുന്നുമുണ്ട്. കഴിഞ്ഞ ദിവസം ഇമ്രാന്റെ അറസ്റ്റിന് പിന്നാലെ നടന്ന സംഘർഷത്തിൽ വലിയ നാശനഷ്ടമാണ് പാകിസ്താനിൽ ഉണ്ടായത്.
ഇമ്രാൻ മോചിതനായെങ്കിലും മൊബൈൽ സേവനങ്ങൾക്കുളള വിലക്ക് തുടരുമെന്നും മൂന്ന് ദിവസങ്ങൾക്ക് ശേഷമേ പൂർണമായി പുനസ്ഥാപിക്കൂവെന്നും പാകിസ്താൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി അറിയിച്ചു. ഇമ്രാനെ ഹാജരാക്കുന്നതിന് മുന്നോടിയായി കോടതി പരിസരത്തും വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
വീടുകൾ കത്തിച്ച കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ ഇന്റർനെറ്റ് നിരോധനം തുടരുമെന്ന് ആഭ്യന്തരമന്ത്രി റാണ സനാവുളള പറഞ്ഞു. ഇമ്രാൻ ഖാനെതിരെ ലാഹോറിൽ രജിസറ്റർ ചെയ്ത മൂന്ന് കേസുകളിലും സില്ലെ ഷാ കൊലപാതക കേസിലും കോടതി സംരക്ഷിത ജാമ്യം അനുവദിച്ചിട്ടുണ്ട്.
Discussion about this post