വാഷിങ്ടണ്‍: സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള പുതിയ ബില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വീറ്റോ ഭീഷണിക്കിടെയാണ് ബില്ല് പാസാക്കിയത് .ഫ്രാന്‍സില്‍ ഉണ്ടായ തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ബില്‍ പാസാക്കാന്‍ സഭ നിര്‍ബന്ധിതരായത്.
അഭയാര്‍ഥികളെ നിയന്ത്രക്കാന്‍ കര്‍ശനവ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും വരുന്നവരെ ദേശീയ സുരക്ഷാ ഏജന്‍സികളുടെ സാക്ഷ്യപ്പെടുത്തലിന് ശേഷം മാത്രമേ അഭയാര്‍ഥികളായി സ്വീകരിക്കാവൂ എന്നാണ് ഇതിലെ പ്രധാന വ്യവസ്ഥ.
37നെതിരെ 287 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച ബില്ലിനെ ഡെമോക്രാറ്റിക് അംഗങ്ങളും പിന്തുണച്ചു. 47 ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചത് ഒബാമക്ക് തിരിച്ചടിയായി. എന്നാല്‍, ബില്ലിനെതിരെ വീറ്റോ അധികാരം പ്രയോഗിക്കുമെന്ന് ബറാക് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്.
ബില്ലിനെ അപ്രായോഗികം എന്ന് വിശേഷിപ്പിച്ച ഒബാമ, ഭീകരവാദത്തിന്റെ ഇരകളായ നിസഹായരായ മനുഷ്യരെ സഹായിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയേകുന്നതാണ് ബില്ലെന്നും പറഞ്ഞു.
Discussion about this post