പാലക്കാട്: ഹെൽമറ്റ് വയ്ക്കാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത ക്യാമറാ ദൃശ്യത്തിന് നോട്ടീസ് ലഭിച്ചത് ട്രാവലർ ഉടമയ്ക്ക്. തൃശൂർ-കറുകുറ്റി റോഡിൽ കറുകുറ്റി ജങ്ഷനിലെ ക്യാമറയിൽ പതിഞ്ഞ ഇരുചക്രവാഹനത്തിന്റെ ദൃശ്യത്തിനാണ് പിഴയടയ്ക്കാൻ ഒറ്റപ്പാലം സ്വദേശിക്ക് ട്രാഫിക് പോലീസ് നോട്ടീസ് നൽകിയത്.
പാലക്കാട് കസബ പോലീസിൽ നിന്നാണ് ഒറ്റപ്പാലം സ്വദേശി സുധീഷ് മേനോന് 1000 രൂപ പിഴയടയ്ക്കാനുള്ള നോട്ടീസ് വന്നിട്ടുള്ളത്. പിഴ അടയ്ക്കേണ്ടത് ബസ് എന്നാണ് രേഖപ്പെടുത്തിയതെങ്കിലും നോട്ടീസിലെ ചിത്രം ഇരുചക്രവാഹനത്തിന്റെതാണ്.
ചിത്രത്തോട് ചേർന്ന ഭാഗത്ത് ഇരുചക്രവാഹനത്തിന്റെ നമ്പറും, പിഴയടയ്ക്കാൻ പറയുന്ന ഭാഗത്ത് സുധീഷ് മേനോന്റെ ട്രാവലറുടെ രജിസ്ട്രേഷൻ നമ്പറുമാണുള്ളത്. മോട്ടോർ വാഹന വകുപ്പിന്റെ എഐ ക്യാമറയിലല്ല. പോലീസിന്റെ ക്യാമറയിലെ ദൃശ്യപ്രകാരം വന്ന നോട്ടീസിലാണ് ഈ അബദ്ധങ്ങൾ. ഇരുചക്രവാഹനത്തിലെ രണ്ടാം യാത്രക്കാരൻ ഹെൽമെറ്റ് ധരിച്ചില്ലെന്ന നിയമലംഘനം അടയാളപ്പെടുത്തുമ്പോൾ പിഴയടയ്ക്കുന്ന ഭാഗത് പറയുന്നത് വാഹനം നിർത്താതെപോയതുപോലെയുള്ള ഉദ്യോഗസ്ഥന്റെ ഉത്തരവ് ലംഘിച്ചുവെന്ന രീതിയിലുള്ള നിയമലംഘനമാണ്.
മറ്റൊരു വാഹനത്തിന്റെ നിയമലംഘനത്തിന് പിഴയടയ്ക്കുന്നത് ഒഴിവാക്കിത്തരണമെന്ന് അറിയിച്ച് ഉടമ പോലീസിന് പരാതി നൽകി.
Discussion about this post