ബംഗലൂരു; കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിന് പിന്നാലെ 2024 ൽ രാഹുൽ പ്രധാനമന്ത്രിയാകുമെന്ന ആത്മവിശ്വാസവുമായി സിദ്ധരാമയ്യ. പാർട്ടിയുടെ ഭൂരിപക്ഷം ഉറപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേയാണ് രാഹുലിനെ പ്രധാനമന്ത്രിയാക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞത്.
2014 ലും 2019 ലും രാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ 2024 ൽ അദ്ദേഹം പ്രധാനമന്ത്രിയാകും. ബിജെപി ഇതര പാർട്ടികൾ ഒരുമിച്ച് ചേർന്ന് ബിജെപിയെ പരാജയപ്പെടുത്തുമെന്നും അങ്ങനെ രാഹുൽ പ്രധാനമന്ത്രിയാകുമെന്നുമാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
കർണാടക തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ വിധിയെഴുത്താണെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുളള ചവിട്ടുപടിയാണ് വിജയമെന്നും സിദ്ധരാമയ്യ പറഞ്ഞു. മോദിക്കും നദ്ദയ്ക്കും അമിത് ഷായ്ക്കുമുളള സന്ദേശമാണിത്.
പ്രധാനമന്ത്രി 20 തവണയാണ് കർണാടകയിൽ വന്നത്. മുൻപ് ഒരു പ്രധാനമന്ത്രിമാരും ഇതുപോലെ പ്രചാരണം നടത്തിയിട്ടില്ല.രാഹുലിന്റെ പദയാത്ര കോൺഗ്രസിന്റെ വിജയത്തിന് സഹായമായെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
ഇത് മതേതര പാർട്ടിയുടെ വിജയമാണ്. വാഗ്ദാനങ്ങൾ പാലിക്കുന്ന സുസ്ഥിര സർക്കാരാണ് കർണാടകയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവർ കോൺഗ്രസിനെ തിരഞ്ഞെടുത്തതെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.
Discussion about this post