ബംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ഇരട്ടി ആശങ്കയിൽ കോൺഗ്രസ്. എംഎൽഎമാർ കൂറ് മാറുമോയെന്ന സംശയമാണ് വിജയിച്ചിട്ടും കോൺഗ്രസിനെ വീണ്ടും മുൾ മുനയിൽ നിർത്തുന്നത്. ഇത് തടയാൻ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റാനാണ് നേതൃത്വത്തിന്റെ തീരുമാനം.
ബംഗളൂരുവിലെ റിസോർട്ടിൽ എംഎൽഎമാർക്കായി ഇതിനോടകം തന്നെ നേതൃത്വം മുറികൾ ബുക്ക് ചെയ്തുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 50 മുറികളാണ് എംഎൽഎമാരെ മാറ്റാനായി ബുക്ക് ചെയ്തിരിക്കുന്നത്. കർണാടകയിൽ തൂക്ക് മന്ത്രിസഭ നിലവിൽവരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രവചനങ്ങൾ. അങ്ങനെയാണ് സംഭവിക്കുന്നതെങ്കിൽ എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റാനായിരുന്നു പാർട്ടിയുടെ തീരുമാനം. എന്നാൽ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ എംഎൽഎമാരെ ബംഗളൂരുവിലേക്ക് മാറ്റിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
ഇന്ന് രാത്രി വിജയിച്ച എല്ലാ എംഎൽഎമാരോടും ബംഗളൂരുവിലേക്ക് എത്താനാണ് നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. ഇവിടെ നിന്നുമാകും ഇവരെ റിസോർട്ടിലേക്ക് മാറ്റുക. ഇതിന് ശേഷം ഇവരെ സംബന്ധിക്കുന്ന ഒരു വിവരവും പുറത്ത് വിടേണ്ടെന്നാണ് തീരുമാനം. 123 സീറ്റുകളിലാണ് കോൺഗ്രസ് വിജയം നേടിയത്.
Discussion about this post