ബംഗലൂരു; രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് രാഹുലിന് ഇന്നെങ്കിലും മനസിലായിക്കാണുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തോട് പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേയാണ് രാഹുൽ ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന പ്രസ്താവന നടത്തിയത്. രാജ്യമെങ്ങും ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
കർണാടകയിലെ ജനവിധി ബിജെപി അംഗീകരിക്കുന്നതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കർണാടകയിലെ ജനങ്ങൾക്ക് വേണ്ടി തുടർന്നും ക്രിയാത്മക പ്രതിപക്ഷമായി ബിജെപി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശത്ത് രാഹുൽ പറഞ്ഞത് ഇന്ത്യയിൽ ജനാധിപത്യം ഇല്ലെന്നാണ്. ഇന്ന് ജനാധിപത്യത്തെക്കുറിച്ചും വോട്ടിംഗ് മെഷീനുകളെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിപ്രായമെന്തെന്ന് ജനങ്ങളാണ് അദ്ദേഹത്തോട് ചോദിക്കേണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
224 അംഗ കർണാടക നിയമസഭയിൽ 137 സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. ജെഡിഎസിന് 19 സീറ്റുകളും ബിജെപിക്ക് 65 സീറ്റുകളുമാണ് ലഭിച്ചത്.
Discussion about this post