മുംബൈ : മഹാരാഷ്ട്രയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരാൾ മരിച്ചു. അകോലയിലെ ഓൾഡ് സിറ്റി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഇൻസ്റ്റഗ്രാം പോസ്റ്റിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ഇതേ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വിവാദ പോസ്റ്റിനെ ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. രണ്ട് ഇരു സംഘങ്ങളും കല്ലെറിയുന്നതും സംഘർഷത്തിൽ ഏർപ്പെടുന്നതും വീഡിയോയിൽ കാണാം.
പ്രതിഷേധക്കാർ ഓൾഡ് സിറ്റി പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തി വാഹനങ്ങൾ ആക്രമിച്ച് തകർക്കുകയും തീ വെയ്ക്കുകയും ചെയ്തു. സംഘർഷത്തിനിടെ ഒരു യുവതി കൊല്ലപ്പെട്ടു. 120 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 25 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമാധാനാന്തരീക്ഷം തകർത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നടപടി.
പോലീസ് ബലം പ്രയോഗിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്സാക്ഷികളുടെയും അടിസ്ഥാനത്തിൽ കലാപകാരികൾക്കായി തിരച്ചിൽ തുടരുകയാണ്. സ്ഥലത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
Discussion about this post