മുംബൈ: കർണാടകയിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടുളള നീക്കങ്ങൾ സജീവമാക്കി ബിജെപി ഇതര പാർട്ടികൾ. എൻസിപി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ ഇതിനായി യോഗം വിളിച്ചു. മഹാരാഷ്ട്രയിൽ അധികാരം നഷ്ടമായതിന് ശേഷം ശിവസേനയുടെയും എൻസിപിയുടെയും ഏറ്റവും വലിയ സ്വപ്‌നമാണ് പ്രതിപക്ഷ ഐക്യം.
നേരത്തെ പ്രതിപക്ഷ ഐക്യത്തിന് മുന്നിൽ നിന്ന കോൺഗ്രസ് തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളോടെ ഇതിൽ നിന്ന് പിന്നോട്ടുപോയിരുന്നു. ഇതിന് ശേഷമാണ് മറ്റ് പാർട്ടികൾ ഇതിനായി മുന്നിട്ടിറങ്ങിയത്. നേരത്തെയും ശരദ് പവാറിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിൽ നിൽക്കുന്ന കോൺഗ്രസ് ഇനി പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസ്ഥാനത്തിന് വില പേശാനുളള സാദ്ധ്യതയും തള്ളിക്കളയാൻ കഴിയില്ല.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ഒരുമിപ്പിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് സഞ്ജയ് റൗത്ത് പറഞ്ഞു. എന്നാൽ ആരൊക്കെ യോഗത്തിൽ പങ്കെടുക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ ദിവസം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും മുംബൈയിൽ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഏകാധിപത്യത്തെ ജനങ്ങൾക്ക് തകർക്കാനാകുമെന്നാണ് കർണാടക തെളിയിക്കുന്നതെന്ന് സഞ്ജയ് റൗത്ത് കൂട്ടിച്ചേർത്തു. ബജ്‌റംഗ ബലി ബിജെപിക്ക് ഒപ്പമാണ് കോൺഗ്രസിനൊപ്പമല്ലെന്നാണ് കർണാടകയിലെ വിജയം സൂചിപ്പിക്കുന്നതെന്നും സഞ്ജയ് റൗത്ത് പറഞ്ഞു.
Discussion about this post