ബാംഗ്ലൂർ; കർണാടകയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയാഘോഷത്തിനു പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ പോര് മുറുകുന്നു. ആരാകും അടുത്ത മുഖ്യമന്ത്രി എന്നതിനെ ചൊല്ലിയാണ് തർക്കം ആരംഭിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ ഡി കെ ശിവകുമാറിന്റേയും സിദ്ധരാമയ്യയുടേയും അനുയായികളാണ് ഇതേച്ചൊല്ലി തർക്കിക്കുന്നത്. ഇരുവരുടേയും വസതിക്കു മുന്നിൽ പോസ്റ്ററുകൾ സ്ഥാപിച്ചാണ് പോര്.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന സിദ്ധരാമയ്യയുടെ അനുയായികൾ അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയെന്ന പേരിൽ പോസ്റ്റർ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഡി കെ ശിവകുമാറിന്റെ വസതിക്കു മുന്നിലും അദ്ദേഹത്തിന്റെ അനുയായികൾ അടുത്ത മുഖ്യമന്ത്രിക്ക് പിറന്നാളാശംസകൾ എന്ന പേരിൽ പോസ്റ്റർ സ്ഥാപിച്ചു. ഇരുവരുടെയും അനുയായികൾ സമൂഹമാദ്ധ്യമങ്ങളിലൂടെയും പരസ്പരം പോര് വിളിക്കുകയും പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കുന്നതിനായി ഹൈക്കമാൻഡിനു നൽകാൻ ഇന്ന് വൈകുന്നേരം നടക്കുന്ന കോൺഗ്രസ് നിയമസഭ കക്ഷി യോഗത്തിൽ പ്രമേയം പാസാക്കുമെന്ന് സിദ്ധരാമയ്യ അറിയിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും ഡി കെ ശിവകുമാറിനെയാണ് പിന്തുണയ്ക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം ഡികെ ശിവകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രവർത്തിച്ചിരുന്നത്. അതേസമയം ഭൂരിഭാഗം എംഎൽഎമാരുടേയും രാഹുൽ ഗാന്ധിയുടെയും പിന്തുണ സിദ്ധരാമയ്യക്കാണ്. ഇത് തൻ്റെ അവസാനത്തെ തിരഞ്ഞെടുപ്പാണെന്ന് സിദ്ധരാമയ്യ പ്രചരണകാലയളവിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ച് മുതിർന്ന നേതാവ് കൂടിയായ സിദ്ധരാമയ്യയെ തന്നെ മുഖ്യമന്ത്രിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡികെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കിയോ. രണ്ട് ടേം ആയി മുഖ്യമന്ത്രി പദം പങ്കിട്ട് നൽകിയോ പ്രശ്നം പരിഹരിക്കാനും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്കിടയിൽ കേവലം ഒരു ദിവസം മാത്രമാണ് മണ്ഡലത്തിലെത്തിയതെങ്കിലും റെക്കോഡ് ഭൂരിപക്ഷത്തിലാണ് ശിവകുമാർ ജയിച്ചുകയറിയത്. കനകപുര മണ്ഡലത്തിൽ ജെഡിഎസ് സ്ഥാനാർത്ഥിയായ ബി നാഗരാജുവിനെ 1,22,392 വോട്ടുകൾക്കാണ് ഡി കെ ശിവകുമാർ തോൽപ്പിച്ചത്. ഇതും കോൺഗ്രസ് നേതൃത്വം ശിവകുമാറിനെ കെെയ്യൊഴിയാതിരിക്കാനുള്ള കാരണമായി അണികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Discussion about this post