ചെന്നൈ; തമിഴ്‌നാട്ടിൽ വിഷമദ്യ ദുരന്തം നടന്ന വില്ലുപുരത്തേക്ക് യാത്ര തിരിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംഭവത്തിൽ വില്ലുപുരം ജില്ലയിലെ എട്ടുപേർ മരണപ്പെട്ടിരുന്നു. അദ്ദേഹം മരണപ്പെട്ടവരുടെ ബന്ധുക്കളെയും ചികിത്സയിൽ കഴിയുന്നവരേയും സന്ദർശിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മന്ത്രിമാരായ പൊന്മുടി, എ വി വേലു എന്നിവർക്കൊപ്പമാണ് അദ്ദേഹം ആശുപത്രി സന്ദർശിക്കുക.
മറക്കാനത്തെ എക്കിയാർ കുപ്പം ഗ്രാമത്തിൽ വച്ച് ശനിയാഴ്ച വൈകുന്നേരമാണ് വ്യാജമദ്യം കുടിക്കുന്നത്. ചികിത്സയിലിരിക്കുന്ന രണ്ടുപേർ കൂടി മരിച്ചതോടെ വില്ലുപുരത്തെ മരണസംഖ്യ എട്ടായി ഉയർന്നതായി പോലീസ് പറഞ്ഞു. ഇതോടെ തമിഴ്‌നാട്ടിലെ രണ്ടിടത്തായി സമാനസംഭവങ്ങളിൽ മരിച്ചവരുടെ എണ്ണം 12നു മുകളിലായി.
കഴിഞ്ഞ ദിവസം മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ചികിത്സയിലുള്ളവരുടെ കുടുംബത്തിന് 50,000 രൂപയും നഷ്ടപരിഹാരമായി നൽകുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറക്കാനം ഇൻസ്‌പെക്ടർ അരുൾ വടിവേൽ അഴകൻ, സബ് ഇൻസ്‌പെക്ടർ ദീപൻ, പിഇഡബ്ല്യു ഇൻസ്‌പെക്ടർ മരിയ സോബി മഞ്ജുള, സബ് ഇൻസ്‌പെക്ടർ ശിവഗുരുനാഥൻ എന്നിവരെ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു. അനധികൃത മദ്യവും മയക്കുമരുന്നും സംസ്ഥാനത്ത് തടയുന്നതിനായി സർക്കാർ കർശനമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി.
Discussion about this post