മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. കുന്നമംഗലം സ്വദേശിനി ഷബ്‌നയാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ഷബ്‌നയെ പിടികൂടിയത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സ്വർണവുമായി ഷബ്‌ന കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. രഹസ്യവിവരം ലഭിച്ചിരുന്നതിനാൽ വിമാനത്താവളത്തിൽ എത്തിയ ഉടൻ യുവതിയെ പോലീസ് വളഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തു. എന്നാൽ സ്വർണം ഇല്ലെന്ന് ആയിരുന്നു ഷബ്‌നയുടെ മൊഴി.
തുടർന്ന് ദേഹപരിശോധന നടത്തുകയും യുവതിയുടെ ലഗേജുകൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ ഇതിൽ നിന്നും സ്വർണം കണ്ടെത്തിയില്ല. ഇതിന് പിന്നാലെ യുവതിയുടെ കാറിൽ പരിശോധന നടത്തി. തുടർന്ന് കാറിന്റെ ഡോർ പോക്കറ്റിൽ വച്ച ഹാൻഡ് ബാഗിൽ നിന്നും സ്വർണം പിടിച്ചെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
ജിദ്ദയിൽ നിന്നും എത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു ഷബ്‌ന കരിപ്പൂരിൽ എത്തിയത്. ജിദ്ദയിൽ നിന്നും മിശ്രിത രൂപത്തിലാക്കി വസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു കടത്തിയത്. ഇത് കസ്റ്റംസിന്റെ പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് യുവതി സുരക്ഷിതയായി പുറത്ത് എത്തിയത്. എന്നാൽ പോലീസ് വിമാനത്താവളത്തിന് പുറത്തുള്ള വിവരം ഷബ്‌നയ്ക്ക് ലഭിച്ചിരുന്നു. ഇതോടെയാണ് സ്വർണം തന്ത്രപരമായി ഹാൻഡ്ബാഗിലേക്ക് മാറ്റിയത്.
1884 ഗ്രാം സ്വർണമാണ് ഷബ്‌നയുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഇതിന് 1.17 കോടി രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഷബ്‌നയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഷബ്‌നയുടെ സഹായികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.












