പൂനെ: മഹാരാഷ്ട്രയിൽ ബിജെപി ലക്ഷ്യമിടുന്നത് 200 ലധികം സീറ്റുകൾ. 288 നിയമസഭാ സീറ്റുകളിൽ ഇക്കുറി മികച്ച ഭൂരിപക്ഷം നേടി ഭരണം നിലനിർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. പാർട്ടിയുടെ സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിന് ശേഷം അദ്ധ്യക്ഷൻ ചന്ദ്രശേഖർ ഭവൻകുലെയാണ് മാദ്ധ്യമങ്ങൾക്ക് മുൻപിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലായി 51 ശതമാനം വോട്ടുവിഹിതമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും ഭവൻകുലെ കൂട്ടിച്ചേർത്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിലായിരുന്നു സംസ്ഥാന നിർവ്വാഹക സമിതിയോഗം ചേർന്നത്.
ഏക്‌നാഥ് ഷിൻഡെയുമായി ചേർന്നാകും ബിജെപി മത്സരിക്കുകയെന്നും 48 ലോക്‌സഭാ സീറ്റുകളിലും 288 നിയമസഭാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്, എൻസിപി എന്നിവരുമായും ഉദ്ധവ് വിഭാഗവുമാണ് ബിജെപി- ഷിൻഡെ വിഭാഗത്തിന്റെ പ്രധാന എതിരാളികളെന്നും ബിജെപി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു. മഹാവിജയ് 2024 മിഷൻ എന്ന പേരിലാകും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെന്നും ഭവൻകുലെ പറഞ്ഞു. വീടുകളിലെത്തി വോട്ടർമാരെ കാണുന്ന ഘർ ചലോ സമ്പർക്ക് അഭിയാൻ ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ നടത്തും.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുക. മുംബൈ, പൂനെ, നാസിക്, നാഗ്പൂർ, നവി മുംബൈ എന്നിവിടങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സമീപനങ്ങളും പ്രവർത്തനവും യോഗം വിലയിരുത്തി. പാർട്ടിയുടെ ജില്ലാ നേതാക്കൾ ഉൾപ്പെടെ 1,200 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
Discussion about this post