ബ്രസ്സല്‍സ്: പാരിസ് ഭീകരാക്രമണത്തിലെ മുഖ്യപങ്കാളിയെന്ന് കരുതുന്ന സലാ അബ്ദെസലാം ബെല്ജിത്തിലേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യവിവരത്തേത്തുടര്‍ന്ന് തലസ്ഥാനമായ ബ്രസ്സല്‍സില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി. പാരിസ് ആക്രമണത്തിന് സമാനമായി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഒരേ സമയം ആക്രമണം നടത്താന്‍ ഐ.എസ് നീക്കം നടത്തുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.
സായുധരായ തീവ്രവാദികള്‍ ബ്രസ്സല്‍സില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പലയിടത്ത് ഒരേസമയം ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ബെല്‍ജിയന്‍ പ്രധാനമന്ത്രി ചാള്‍സ് മിഷേല്‍ വ്യക്തമാക്കി.
ബ്രസ്സല്‍സിലെ ഭക്ഷണശാലകളും ബാറുകളും അടഞ്ഞു കിടക്കുകയാണ്. മെട്രോ, തീവണ്ടിസര്‍വീസുകള്‍ ഞായറാഴ്ചവരെ റദ്ദാക്കി. കൂട്ടംകൂടുന്നത് ഒഴിവാക്കാനും കൂടുതല്‍പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നഗരത്തില്‍ സുരക്ഷാസേനയുടെ വലിയ സാന്നിധ്യമുണ്ട്.
സലാ അബ്ദെസലാം സ്വയം പൊട്ടിത്തെറിക്കാന്‍ തയ്യാറായി സ്ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവെച്ചിട്ടുണ്ടെന്ന് ഇയാളുടെ അഭിഭാഷകന് അറിയിച്ചിട്ടുണ്ട്. അബ്ദെസലാം സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പാരിസില്‍ 130 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം നടത്തിയ ഭീകരര്‍ ബ്രസ്സല്‍സ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചവരാണ്.
Discussion about this post