ന്യൂഡൽഹി: കൊടും കുറ്റവാളിയും കമ്യൂണിസ്റ്റ് ഭീകര നേതാവുമായ ദിനേഷ് ഗോപി പിടിയിൽ. നേപ്പാളിൽ നിന്നും എൻഐഎയാണ് ദിനേഷ് ഗോപിയെ പിടികൂടിയത്. ഒരു കാലത്ത് ഝാർഖണ്ഡിലെ ജനങ്ങളുടെ പേടി സ്വപ്‌നമായിരുന്ന ഗോപിയുടെ തലയ്ക്ക് 30 ലക്ഷം രൂപയാണ് സർക്കാർ വിലയിട്ടിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് ഗോപിയെ പിടികൂടിയത്. ഇയാളെ ഉടൻ ഡൽഹിയിൽ എത്തിക്കും. തുടർന്ന് ചോദ്യം ചെയ്യലിലേക്കും മറ്റ് നടപടികളിലേക്കും കടക്കാനാണ് തീരുമാനം.
പോലീസുകാരെ കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ നൂറ് കണക്കിന് കേസാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 15 വർഷമായി പോലീസ് ഗോപിയ്ക്കായി അന്വേഷണം തുടരുകയാണ്. ഇതിനിടെയായിരുന്നു ഇയാൾ നേപ്പാളിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. ഇയാളുടെ തലയ്ക്ക് ഝാർഖണ്ഡ് പോലീസ് 25 ലക്ഷം രൂപയും, എൻഐഎ അഞ്ച് ലക്ഷം രൂപയുമാണ് വിലയിട്ടിരുന്നത്. ഡൽഹി പോലീസ് പ്രത്യേക സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവായിരുന്നു ഗോപി.
അതേസമയം പിടിക്കപ്പെടാതിരിക്കാൻ വേഷം മാറിയായിരുന്നു ഇയാൾ നേപ്പാളിൽ കഴിഞ്ഞിരുന്നത് എന്നാണ് വിവരം. പിടിക്കപ്പെടുമ്പോൾ തലപ്പാവ് ധരിച്ച് സിഖുകാരനെപ്പോലെയായിരുന്നു ഇയാളുടെ വേഷം.
Discussion about this post