മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് എത്തിച്ച സ്വർണം പോലീസ് പിടികൂടി. സംഭവത്തിൽ കോഴിക്കോട് താരമശ്ശേരി സ്വദേശി നിഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. 570.4 ഗ്രാം സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. സ്വർണം മിശ്രിതമാക്കി ക്യാപ്‌സൂൾ രൂപത്തിലാക്കിയായിരുന്നു ഒളിപ്പിച്ചത്. രണ്ട് ക്യാപ്‌സ്യൂളുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഈ സ്വർണം കോടതിയിൽ ഹാജരാക്കി.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ദോഹയിൽ നിന്നായിരുന്നു ഇയാൾ കരിപ്പൂരിൽ എത്തിയത്. ശരീരത്തിൽ ഒളിപ്പിച്ചതിനാൽ കസ്റ്റംസ് പരിശോധനയിൽ ഇത് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അതേസമയം വിമാനത്താവളത്തിന് പുറത്ത് നിഷാദിനെ കാത്ത് പോലീസ് നിൽപ്പുണ്ടായിരുന്നു. സുരക്ഷ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇയാൾ കണ്ണുവെട്ടിച്ച് കടക്കാൻ ശ്രമിച്ചു. എന്നാൽ പോലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ആദ്യം ഇയാൾ സ്വർണം കടത്തിയിട്ടില്ലെന്ന് ആയിരുന്നു പറഞ്ഞിരുന്നത്. എന്നാൽ വൈദ്യപരിശോധനയിൽ കണ്ടെത്തുകയായിരുന്നു.












