മുംബൈ: ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പിന്റെ തേരോട്ടം. ഹിൻഡൻബർഗ് റിസർച്ച് ആരോപിക്കുന്ന കൃത്രിമത്വത്തിന് നിർണായക തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് ഓഹരിവിപണിയിൽ അദാനി സ്ഥാപനങ്ങൾ കുതിച്ചത്.
ഇന്ന് 10 അദാനി ഓഹരികളുടെ വിപണി മൂല്യത്തിൽ ഏകദേശം 81,727കോടി രൂപയുടെ വർദ്ധനവുണ്ടായി. ജനുവരിയിലെ ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. ഗ്രൂപ്പിന്റെ വിപണി മൂലധനം 10 ലക്ഷം കോടി രൂപ കടന്നു. ഫെബ്രുവരി 27 ന് വിപണി മൂലധനം 6.8 ലക്ഷമായി ഇടിഞ്ഞതിന് ശേഷമുള്ള വൻ തിരിച്ചുകയറലാണിത്. അദാനി ഓഹരികൾ വാങ്ങാൻ നിക്ഷേപകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഗ്രൂപ്പിന് കീഴിലെ എല്ലാ ഓഹരികളും ഇന്ന് മുന്നേറി. ഗ്രൂപ്പിന്റെ സംയുക്ത വിപണിമൂല്യം വെള്ളിയാഴ്ചത്തെ (മെയ് 19) 9.34 ലക്ഷം കോടി രൂപയിൽ നിന്ന് 10 ലക്ഷം കോടിയും കടന്നാണ് കുതിച്ചത്. ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ അദാനി എന്റർപ്രൈസസ് 20 ശതമാനം ഉയർന്ന് 2,325.55 രൂപയിലെത്തി. അദാനി ഗ്രീൻ എനർജി 5 ശതമാനം ഉയർന്ന് 942.40 രൂപയിലെത്തി. അദാനി പോർട്ട്സ് 6.41 ശതമാനം ഉയർന്ന് 729.65 രൂപയിലെത്തി. അദാനി പവർ 5 ശതമാനം ഉയർന്ന് 248.00 രൂപയിലെത്തി. അദാനി ടോട്ടൽ ഗ്യാസ് 5 ശതമാനം ഉയർന്ന് 721.35 രൂപയിലെത്തി, സെൻസെക്സ് 234 പോയിന്റ് (0.38 ശതമാനം) ഉയർന്ന് 61,963.68ലും നിഫ്റ്റി 111 (0.61 ശതമാനം) നേട്ടവുമായി 18,314.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
തുടർച്ചയായ രണ്ടാംദിവസമാണ് ഓഹരികൾ നേട്ടത്തിൽ മുന്നേറുന്നത്. 19.55 ശതമാനം മുന്നേറി അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസ് തന്നെയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ കമ്പനി. അദാനി വിൽമർ 9.99 ശതമാനം മുന്നേറി. മുത്തൂറ്റ് ഫിനാൻസ്, ഡിക്സൺ ടെക്നോളജീസ്, ബാലകൃഷ്ണ ഇൻഡസ്ട്രീസ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ കമ്പനികൾ. ശ്രേയസ് ഷിപ്പിംഗ് ഓഹരികളും ഇന്ന് 20 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി. ഗ്ലാൻഡ് ഫാർമ, സിയമൻസ്, സൊമാറ്റോ, ദേവയാനി ഇന്റർനാഷണൽ, പി.ബി. ഫിൻടെക് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയവ. ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയും നഷ്ടത്തിലാണ്
Discussion about this post