ഇടുക്കി: ചിന്നക്കനാൽ- ശാന്തൻപാറ മേഖലയിലെ ജനങ്ങളുടെ പേടി സ്വപ്‌നമായിരുന്ന അരിക്കൊമ്പൻ ഇവിടേയ്ക്ക് തന്നെ തിരികെ എത്തുന്നതായി സൂചന. മയക്കുവെടിവച്ച് പിടികൂടിയ ശേഷം ഇറക്കിവിട്ട സ്ഥലത്താണ് നിലവിൽ ആനയുളളത് എന്നാണ് വിവരം. പ്രദേശത്ത് വനപാലകർക്കായി നിർമ്മിച്ചിട്ടുള്ള ഷെഡ് ആന തകർത്തു.
പെരിയാർ റിസർവിലെ സീനിയർ ഓടെന്ന ഭാഗത്താണ് നിലവിൽ ആനയുള്ളത്. ഞായറാഴ്ച രാത്രിയോടെയാണ് ആന ഇവിടേയ്ക്ക് എത്തിയത്. ആനയെ കണ്ട് ഷെഡിലുണ്ടായിരുന്നവർ ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. നാല് ദിവസങ്ങൾക്ക് മുൻപാണ് ആന കേരള അതിർത്തിയിൽ തിരിച്ചെത്തിയത്.
തമിഴ്നാട് വനാതിർത്തിയിൽ കൊണ്ടുവിട്ട ആന മേഘമലയിലെ ജനവാസ മേഖലകളിൽ ഇറങ്ങുകയും ഭീതി പടർത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് രാത്രിയാത്രയ്ക്കും മറ്റും കർശന നിയന്ത്രണങ്ങളാണ് തമിഴ്‌നാട് വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ നിയന്ത്രണം ഇപ്പോഴും തുടരുന്നുണ്ട്.
കഴിഞ്ഞ മാസമാണ് ആനയെ മയക്കുവെടിവച്ച് പിടികൂടി പെരിയാർ റിസർവിൽ കൊണ്ടുവിട്ടത്. എന്നാൽ മയക്കത്തിൽ നിന്നും പൂർണമായി എഴുന്നേറ്റ ശേഷം ആന കേരളത്തിന്റെ വനാതിർത്തിയിലേക്ക് നീങ്ങാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. സഞ്ചാര ദിശ മനസ്സിലാക്കുന്നതിനായി ആനയുടെ ശരീരത്തിൽ റേഡിയോ കോളർ ധരിപ്പിച്ചിട്ടുണ്ട്. ഇതുവഴി അധികൃതർ അരിക്കൊമ്പനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
Discussion about this post