കോഴിക്കോട്: ബസിൽ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. കാരന്തൂർ സ്വദേശി ഇബ്രാഹിമാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത യുവതിയ്ക്ക് നേരെയായിരുന്നു ഡ്രൈവറുടെ അതിക്രമം ഉണ്ടായത്. എവിടെയും സീറ്റ് ലഭിക്കാതിരുന്നതിനാൽ ബോണറ്റിലായിരുന്നു യുവതി ഇരുന്നത്. ഇതിനിടെ ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. യുവതി ബഹളംവച്ചതോടെ മറ്റ് യാത്രികർ ഇടപെടുകയായിരുന്നു.
യാത്രികർ ഇടപെട്ട് കെഎസ്ആർടിസി ബസ് കുന്നമംഗലം പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. ഇവിടെയെത്തി യുവതി ഡ്രൈവർക്കെതിരെ പരാതി നൽകുകയായിരുന്നു. പരാതിയിൽ ഉടനെ കേസ് എടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വൈദ്യപരിശോധനയ്ക്ക് ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക.












