പാലക്കാട്: സംസ്ഥാനസർക്കാർ അദാലത്തിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് ഉദ്യോഗസ്ഥന്റെ വാടകമുറിയിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 17 കിലോ നാണയങ്ങളുൾപ്പെടെ ഒരു കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം. 35 ലക്ഷം രൂപ പണമായും 71 ലക്ഷം രൂപയുടെ വിവിധ നിക്ഷേപങ്ങൾ നടത്തിയതിന്റെ രേഖകളും പിടിച്ചെടുത്തു. മൂന്ന് വർഷം മുൻപാണ് സുരേഷ് കുമാർ പാലക്കയത്ത് എത്തുന്നത്.
അറസ്റ്റിലായതിന് പിന്നാലെ ഇയാൾക്കെതിരെ വ്യാപകമായ രീതിയിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. കൈക്കൂലിയുടെ പേരിൽ നേരത്തെ നാട്ടുകാർ ഇയാൾക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ സുരേഷ് കുമാർ കൈക്കൂലി വാങ്ങുന്നത് തുടർന്നു. കണക്ക് പറഞ്ഞാണ് ഇയാൾ കൈക്കൂലി വാങ്ങിയിരുന്നത്. പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം ആവശ്യക്കാരനെ ഓഫീസിൽ കയറ്റിയിറക്കും. പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെ കൈപ്പറ്റി. പണമില്ലെങ്കിൽ സാധനങ്ങളും വാങ്ങിക്കും. ഇത്തരത്തിൽ കൈക്കൂലിയായി വാങ്ങിയ തേനും കൊടംപുളിയുമെല്ലാം മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇയാളുടെ ശല്യം സഹിക്ക വയ്യാതെ നാട്ടുകാർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിട്ടുണ്ടെന്നാണ് വിവരം. മണ്ണാർക്കാട് 2500 രൂപ വാടകയുള്ള ഒരു ഒറ്റമുറി വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. ചില്ലറ കൈക്കൂലിയൊക്കെ വാങ്ങുമെങ്കിലും ഇത്രയും തുകയുടെ ഉടമയാണെന്ന് നാട്ടുകാർക്കും സംശയം തോന്നിയിരുന്നില്ല. മാസങ്ങളായി വാങ്ങുന്ന പണം ചെലവഴിക്കാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. മുറിയിൽ സൂക്ഷിച്ച പണത്തിന് പുറമെ, സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.05 കോടി രൂപയുടെ രേഖയും കണ്ടെടുത്തു. 17 കിലോ നാണയവും കണ്ടെടുത്തു.
Discussion about this post