ന്യൂഡൽഹി:ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിഹാർ ജയിലിലെ കുളിമുറിയിൽ കാൽ വഴുതി വീണ് പരിക്കേറ്റതിനെ തുടർന്നാണ് ജെയിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ 6 മണിയോടെയായിരുന്നു അപകടം നടന്നത്. സെൻട്രൽ ജയിലിനുള്ളിലെ ആശുപത്രിയിലെ കുളിമുറിയിൽ കാൽവഴുതി വീണാണ് അപകടം ഉണ്ടായതെന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ സാരമായ പരിക്കുകളൊന്നും ഇല്ലെന്നാണ് റിപ്പോർട്ട്. അതേ സമയം ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നുണ്ടെന്നും മുതുകിലും ഇടത് കാലിലും തോളിലും വേദനയുണ്ടെന്ന് പരാതിപ്പെട്ടതിനാലുമാണ് അദ്ദേഹത്തെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നട്ടെല്ലിന് തകരാറുള്ളതിനാൽ 15 ദിവസത്തിൽ ഒരിക്കലെങ്കിലും ജെയിൻ ആശുപത്രിയിൽ എത്താറുണ്ടെന്ന് ജയിൽ അധികൃതർ പറഞ്ഞു. ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെയിനെ പതിവ് പരിശോധനകൾക്കായി സഫ്ദർജംഗിലേക്ക് റഫർ ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ജെയിന് 35 കിലോഗ്രാം കുറഞ്ഞതായി എഎപി നേരത്തെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തിന് നട്ടെല്ലിന് ക്ഷതം, നടുവേദന, തലകറക്കം, സ്ലിപ്പ് ഡിസ്‌ക്, വിട്ടുമാറാത്ത നടുവേദന എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നുമാണ് റിപ്പോർട്ട്.
Discussion about this post