കോട്ടയം: കോട്ടയം രാമപുരം ചക്കാമ്പുഴയിൽ കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. രാവിലെ ആറ് മണിയോടെയാണ് സംഭവം. ഏഴാച്ചേരി നെടുമ്പളളിൽ ഒരാളെ ആക്രമിച്ച കുറുക്കൻ പിന്നീട് ചക്കാമ്പുഴ വളക്കാട്ടുകുന്ന് ഭാഗത്തേക്ക് എത്തി ആളുകളെ ആക്രമിക്കുകയായിരുന്നു.
നടുവിലമാക്കൽ ബേബിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തിന്റെ ഒരു വിരലിന്റെ ഭാഗവും കുറുക്കൻ കടിച്ചെടുത്തു. പല സ്ഥലങ്ങളിൽ വെച്ച് പലപ്പോഴായി സ്ത്രീകൾ അടക്കമുളളവരുടെ നേർക്ക് ആക്രമണം ഉണ്ടായി. മുഖത്തും വിരലുകളിലും ആണ് കൂടുതലും പരിക്കേറ്റത്.
രാമപുരത്തോട് തൊട്ടുചേർന്ന് വനമേഖലയൊന്നും ഇല്ല. പക്ഷെ ഉൾപ്രദേശങ്ങളായതിനാൽ കുറുക്കൻമാർ ഇവിടെ പുതുമയല്ല. ജനങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് വിരളമാണ്. കുറുക്കൻ കടിച്ചാൽ പേ വിഷബാധയ്ക്ക് സമാനമായ സ്ഥിതിയുണ്ടാകാറുളളതിനാൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ മുണ്ടക്കയത്തും കുറുക്കന്റെ ആക്രമണം ഉണ്ടായിരുന്നു.
Discussion about this post