പാലക്കാട്: അട്ടപ്പാടി ചുരം ഒൻപതാം വളവിനടുത്ത് കണ്ടെത്തിയ ട്രോളി ബാഗുകൾ തുറന്ന് പരിശോധിച്ചു. മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തുള്ള ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയിട്ടുണ്ട്. മൃതദേഹം രണ്ടായി മുറിച്ച ശേഷം രണ്ട് ബാഗുകളിൽ ആക്കുകയായിരുന്നു. ഒരു ബാഗിൽ അരയ്ക്ക് മേലോട്ടുള്ള ഭാഗവും മറ്റൊരു ബാഗിൽ അരയ്ക്ക് കീഴോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്. കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ് (58) ആണു കൊല്ലപ്പെട്ടത്.
ഈ മാസം 18നും 19നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് മലപ്പുറം എസ് പി സുജിത്ത് ദാസ് വ്യക്തമാക്കി. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമാണ് ഉള്ളത്. മൊബൈലും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും ചില സാക്ഷികളിൽ നിന്ന് ലഭിച്ച വിവരങ്ങളിലൂടെയുമാണ് മൃതദേഹം അട്ടപ്പാടിയിൽ നിന്ന് കണ്ടെത്താനായത്. നിലവിൽ കസ്റ്റഡിയിലുള്ള മൂന്ന് പേർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തുമെന്നും സുജിത് ദാസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ആഷിക്കിനേയും ഇവിടെ എത്തിച്ചിരുന്നു.
ചെന്നൈയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സിദ്ദിഖിന്റെ ഹോട്ടൽ ജീവനക്കാരനായ ഷിബിലി , ഒപ്പം പിടിയിലായ ഫർഹാന എന്നിവരെ ചെന്നൈയിൽ നിന്ന് ട്രെയിൻ മാർഗം തിരൂര് എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്‌തെങ്കിൽ മാത്രമേ കൊലപാതക കാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.
Discussion about this post