തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നു മുതൽ മെയ് 30 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
26-05-2023: പത്തനംതിട്ട, എറണാകുളം, ഇടുക്കി 27-05-2023: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 28-05-2023: പത്തനംതിട്ട, ഇടുക്കി 29-05-2023: ആലപ്പുഴ, കോട്ടയം, എറണാകുളം
മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്നു മുതൽ മേയ് 28 വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് ശേഷം തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ കിട്ടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചന പ്രകാരം ഇത്തവണ ജൂൺ മുതൽ സെപ്തംബർ വരെയുള്ള സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് പറയുന്നുണ്ട്. എന്നാൽ ജൂണിൽ ചിലയിടങ്ങളിൽ കൂടുതലും ചില പോക്കറ്റുകളിൽ കൂടുതലും മഴ ലഭിക്കാൻ സാധ്യതയെന്നും വ്യക്തമാക്കുന്നു. ജൂൺ മാസത്തിൽ സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ ചൂട് കൂടാൻ സാധ്യതയെന്നും ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.












