ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഐഎസ് മൊഡ്യൂൾ തകർത്ത് എൻഐഎ. ജബൽപൂരിൽ 13 ഇടങ്ങളിലായി നടന്ന റെയ്ഡിൽ മൂന്ന് പേർ പിടിയിലായി. മൂർച്ഛയുളള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വിദ്വേഷ ലഘുലേഖകളും അടക്കം ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും ചെയ്തു.
മുഹമ്മദ് ആദിൽ ഖാന്റെ നേതൃത്വത്തിൽ ഐഎസ്‌ഐഎസ് അനുകൂല പ്രവർത്തനങ്ങൾ നടക്കുന്നതായി എൻഐഎയ്ക്ക് സൂചന ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ എൻഐഎ ഇത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇയാളുടെ അനുയായികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും കൂടുതൽ പേരെ അതിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്തതായി നേരത്തെ ബോധ്യപ്പെട്ടിരുന്നു.
ഐഎസിന് വേണ്ടി ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. പ്രദേശത്തെ മസ്ജിദുകളിലും വീടുകളിലും ഉൾപ്പെടെ ഇവർ ഇതിനായി പല തവണ യോഗം ചേർന്നിരുന്നതായിട്ടാണ് വിവരം. മദ്ധ്യപ്രദേശ് പോലീസിന്റെ ഭീകര വിരുദ്ധ വിഭാഗവുമായി ചേർന്ന് ആയിരുന്നു റെയ്ഡ്.
പോലീസ് കസ്റ്റഡിയിലായ മൂന്നു പേരും വലിയ തോതിൽ തീവ്രവാദ ആശയങ്ങൾ ഉൾക്കൊണ്ടവരാണെന്നും അക്രമങ്ങളിലൂന്നിയ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും എൻഐഎ വ്യക്തമാക്കി. സാമ്പത്തിക സമാഹരണവും ആശയലഘുലേഖ വിതരണവും ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ ഇവർ നടത്തിയിരുന്നു. യുവാക്കളെ പ്രചോദിപ്പിച്ച് ഇവരുടെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാനും ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
സയീദ് മമൂർ അലിയുടെ നേതൃത്വത്തിലായിരുന്നു പ്രവർ്ത്തനം. ഫിസ്ബിലില്ല എന്ന പേരിൽ ഇവർ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും പ്രത്യേക സംഘമായി മാറുകയും ചെയ്തിരുന്നതായി എൻഐഎ പറയുന്നു. ജബൽപൂരിലെ അനധികൃത ആയുധ കച്ചവടക്കാരിൽ നിന്ന് പിസ്റ്റളുകൾ വാങ്ങാനായി ഇവർ ബന്ധപ്പെട്ടിരുന്നതായും എൻഐഎ ചൂണ്ടിക്കാട്ടി.
യൂട്യൂബ്, ഇൻസ്റ്റ, വാട്‌സ് ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് മുഹമ്മദ് ആദിൽ ഖാൻ ഈ സംഘത്തിലേക്ക് ആളുകളെ എത്തിച്ചിരുന്നത്. ഐഎസിലേക്ക് ചേരാൻ പ്രചോദിപ്പിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന പല ചാനലുകളും ഇയാൾ നടത്തുന്നുണ്ട്.
Discussion about this post