ന്യൂഡൽഹി: ഉദ്ഘാടനം നടക്കാനിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തെ കുറിച്ചും, നീതിപൂർവ്വമുള്ള ഭരണത്തെ സൂചിപ്പിക്കുന്ന സെങ്കോലിന്റെ സ്ഥാപനത്തെ കുറിച്ചുമുള്ള പ്രതിപക്ഷത്തിൻ്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് ഇത് വരെ അയവ് വന്നിട്ടില്ല. ഇതിനിടെ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയിൽ നിന്നും ആധീനങ്ങൾ ഡൽഹിയിലെത്തി. 21 ആധീനങ്ങളാണ് വിശിഷ്ടാഥിത്ഥികളായി എത്തിയിരിക്കുന്നത്.
ചടങ്ങിൽ തിരുവാവാടുതുറൈ ആധീനങ്ങൾ പ്രധാന അതിഥിയായി പങ്കെടുക്കും. ശ്രീ ലാ ശ്രീ അംബാലവനദേശിത പരമാചാര്യ സ്വാമികളാണ് തിരുവാവടുതുറൈ ആധീനത്തിന്റെ ഇപ്പോഴത്തെ മഠാധിപതി. രാജ്യത്തെ തുല്യതയും നീതിയും ലോകമെമ്പാടും അറിയിക്കാൻ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യൻ സർക്കാരിന് പുതിയ രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ കണ്ണില്‍ നിന്ന് ചരിത്രത്തെ മറച്ചുപിടിക്കാന്‍ എക്കാലവും ആകില്ല. ഇനി പവിത്രമായ ചെങ്കോല്‍, പാർലമെന്റ് മന്ദിരത്തിൽ ലോകം കാണും വിധം പ്രദര്‍ശിപ്പിക്കുമെന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ചെങ്കോൽ തിരുവാവാടുതുറൈ ആധീനത്തിന്റെതാണ്. ചെങ്കോലിന്റെ മുകളിൽ നന്ദിയുടെ രൂപമുണ്ട്. അതായത് നീതിയാണ് അടയാളപ്പെടുത്തുന്നത്. ചെങ്കോൽ സ്ഥാപിക്കപ്പെടുന്നയിടത്ത് നീതി നിലനിൽക്കുന്നു എന്നാണ് അർത്ഥം. ചെങ്കോൽ സ്ഥാപിക്കുന്നതിലൂടെ നരേന്ദ്രമോദിക്ക് നീതിയുക്തവും തുല്യവുമായി ഭരണം നടത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പ്രധാനമന്ത്രി ആഗോള അംഗീകാരം നേടിയ നേതാവാണ്. അദ്ദേഹത്തെ ലോകം അംഗീകരിക്കുന്നതിൽ ഞങ്ങൾക്കെല്ലാം അഭിമാനമുണ്ട്. 2024 ൽ അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയാവുകയും ജനങ്ങളെ നയിക്കുകയും വേണമെന്ന് മധുരൈ ആധീനം ആസ്ഥാന പുരോഹിതൻ കൂട്ടിച്ചേർത്തു.
ചെങ്കോൽ പാർലമെന്റിൽ സ്ഥാപിക്കുന്നത് വടക്കേ ഇന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ഐക്യത്തിന്റെ പ്രഖ്യാപനമായും പ്രമുഖർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Discussion about this post