ന്യൂഡൽഹി: വ്യവസായി എംഎ യൂസഫ് അലിയെക്കുറിച്ചുളള വാർത്തകൾ ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പബ്ലീഷ് ചെയ്യരുതെന്ന് ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിക്ക് നിർദ്ദേശം നൽകി ഡൽഹി ഹൈക്കോടതി. മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ എംഎ യൂസഫലി നൽകിയ അപകീർത്തി കേസിലാണ് കോടതിയുടെ ഉത്തരവ്. പരാതിക്ക് ആധാരമായ വാർത്തയും വീഡിയോയും നീക്കം ചെയ്യാനും കോടതി നിർദ്ദേശിച്ചു.
ജസ്റ്റീസ് ചന്ദ്രധാരി സിങ് ആണ് ഹർജി പരിഗണിച്ചത്. 2013 മുതൽ ഷാജൻ സ്‌കറിയ തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നുണ്ടെന്ന് ഹർജിയിൽ യൂസഫലി ചൂണ്ടിക്കാട്ടി. അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ യൂസഫ് അലിയെക്കുറിച്ച് ഒരു വാർത്തയോ വീഡിയോയോ പബ്ലീഷ് ചെയ്യാൻ പാടില്ലെന്നും വീഴ്ച വരുത്തുകയാണെങ്കിൽ യൂട്യൂബിനും ഗൂഗിളിനും ചാനൽ സസ്‌പെൻഡ് ചെയ്യാവുന്നതാണെന്നും കോടതി നിർദ്ദേശിച്ചു.
തന്റെ പദവികളെ കരിവാരി തേക്കുന്ന തരത്തിൽ അപ്രിയമായ ആരോപണങ്ങളാണ് ഷാജൻ സ്‌കറിയ ഉന്നയിക്കുന്നതെന്ന് യൂസഫ് അലി ചൂണ്ടിക്കാട്ടി. പരാതിക്ക് ആധാരമായ വീഡിയോയും വാർത്തയും പ്രഥമദൃഷ്ട്യാ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഇവ രണ്ടും പരിശോധിച്ച ശേഷം കോടതി നിലയിരുത്തി.
അഭിപ്രായ സ്വാതന്ത്ര്യമെന്നാൽ മറ്റൊരാളെ അപകീർ്ത്തിപ്പെടുത്താനുളള ഒരാളുടെ സ്വാതന്ത്ര്യമായി കരുതരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 22 ന് കേസ് വീണ്ടും പരിഗണിക്കും. മുതിർന്ന അഭിഭാഷകരായ മുകുൾ രോഹ്തഗിയും സൗരഭ് കിർപാലും ഉൾപ്പെടെയുളളവരാണ് യൂസഫ് അലിക്ക് വേണ്ടി ഹാജരായത്.
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട വാർത്തയിലാണ് തന്നെ മോശമായി ചിത്രീകരിച്ചുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നും യൂസഫ് അലി ആരോപിക്കുന്നത്. 10 കോടി രൂപ ആവശ്യപ്പെട്ട് നേരത്തെ യൂസഫ് അലി ഷാജന് നോട്ടീസ് അയച്ചിരുന്നു. ഷാജനെതിരെ കൊച്ചിയിലും ലക്‌നൗവിലും സമാനമായ കേസുകൾ നിലനിൽക്കുന്നുണ്ടെന്നും യൂസഫ് അലിയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.












