ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തെ അങ്ങേയറ്റം ആക്ഷേപിച്ച ആർജെഡിയുടെ നിലപാടിന് ചുട്ടമറുപടിയുമായി ബിജെപി. ശവപ്പെട്ടി നിങ്ങളുടെ ഭാവി, പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ ഭാവിയെന്നായിരുന്നു ബിജെപിയുടെ മറുപടി.ഇത് ആർജെഡിയുടെ ശവപ്പെട്ടിയിലെ അവസാന ആണിയായിരിക്കും എന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. രാജ്യത്തെ ആളുകൾ 2024 ൽ നിങ്ങളെ അതേ ശവപ്പെട്ടിയിൽ അടക്കം ചെയ്യും, ജനാധിപത്യത്തിന്റെ പുതിയ ക്ഷേത്രത്തിൽ പ്രവേശിക്കാൻ നിങ്ങൾക്ക് അവസരം നൽകില്ല. പാർലമെന്റ് മന്ദിരം രാജ്യത്തിന്റേതാണെന്നും ശവപ്പെട്ടി നിങ്ങളുടേതാണെന്നും തീരുമാനമായെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. ശവപ്പെട്ടിയുമായി താരതമ്യപ്പെടുത്തി ട്വീറ്റ് ചെയ്തവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പറഞ്ഞു.
ഇതിൽപ്പരം മറ്റ് അനാദരവ് എന്താണ്? ഇത് രാഷ്ട്രീയ പാർട്ടിയുടെ വിലകുറഞ്ഞ ചിന്താഗതിയാണ് കാണിക്കുന്നത്. ഇന്ന് ഒരു ശുഭദിനമാണ്,പുതിയ പാർലമെന്റ് രാജ്യത്തിന് സമർപ്പിക്കുമ്പോൾ രാജ്യത്തിന് അഭിമാനത്തിന്റെ ദിവസമാണ്. ഇത്തരം ട്വീറ്റ് ചെയ്തവർക്കെതിരെ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പുതിയ പാർലമെന്റ് പൊതുപണം കൊണ്ട് നിർമ്മിച്ചതാണ്. ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചെങ്കിലും പാർലമെന്റ് നടപടികളിൽ പങ്കെടുക്കും. പാർലമെന്റ് സ്ഥിരമായി ബഹിഷ്‌കരിക്കാൻ ആർജെഡി തീരുമാനിച്ചോ? അവരുടെ എംപിമാർ ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും രാജിവെക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് അറിയപ്പെടുന്ന എംപിമാർ ഉൾപ്പെടെയുളള ജനപ്രതിനിധികളുടെയും ഭരണകർത്താക്കളുടെയും പ്രവർത്തനമണ്ഡലമായ പാർലമെന്റിനെ ശവപ്പെട്ടിയോട് ഉപമിച്ചതിൽ വലിയ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
Discussion about this post