ന്യൂഡൽഹി : . സ്വാശ്രയ ഇന്ത്യയുടെ ഉയർച്ചയ്ക്ക് പുതിയ പാർലമെന്റ് മന്ദിരം സാക്ഷ്യംവഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് രാജ്യത്തിന് അനിവാര്യമാണ്. പുതിയ പാർലമെന്റ് വെറുമൊരു കെട്ടിടമല്ല, മറിച്ച് 140 കോടി ജനങ്ങളുടെ അഭിലാഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
”ഇന്ത്യ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു. എന്നാൽ നൂറ്റാണ്ടുകളുടെ അടിമത്തം നമ്മുടെ അഭിമാനം തന്നെ ഇല്ലാതാക്കി. എന്നാൽ ഇപ്പോൾ ഇന്ത്യ കൊളോണിയൽ ചിന്താഗതി ഉപേക്ഷിച്ച് സംസ്കാരം വീണ്ടെടുക്കുകയാണ്. ഇതിന്റെ ഉദാഹരണമാണ് പുതിയ പാർലമെന്റ് മന്ദിരം,” അദ്ദേഹം പറഞ്ഞു.
“രാജ്യത്തിന് പുതിയ പാർലമെന്റ് അനിവാര്യമാണ്. വരും കാലങ്ങളിൽ എംപിമാരുടെയും സീറ്റുകളുടെയും എണ്ണം വർദ്ധിക്കും. അതുകൊണ്ട് തന്നെയാണ് പുതിയ പാർലമെന്റ് രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തോടൊപ്പം ഈ പുതിയ പാർലമെന്റ് മന്ദിരവും ലോകത്തിന്റെ പുരോഗതിക്ക് സംഭാവന നൽകും. സ്വാശ്രയ ഇന്ത്യയുടെ ഉയർച്ചയ്ക്ക് പുതിയ പാർലമെന്റ് മന്ദിരം സാക്ഷ്യംവഹിക്കും. ഇന്ത്യ മുന്നേറുമ്പോഴാണ് ലോകം മുന്നേറുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പുതിയ പാർലമെന്റ് വെറുമൊരു കെട്ടിടമല്ല, അത് 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രതീകമാണ്. ഇത് ഇന്ത്യയുടെ നിശ്ചയദാർഢ്യം ലോകത്തിന് കാണിച്ചുകൊടുക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post